കേരളത്തിലെ സഹകരണ ബാങ്കുകളിൽ കോടികളുടെ കള്ളപ്പണം.
കേരളത്തിലെ സഹകരണ ബാങ്കുകളിൽ കോടികളുടെ കള്ളപ്പണം. കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലായി പൂഴ്ത്തിയിരിക്കുന്നത് 3000ഓളം കോടിയുടെ കള്ളപ്പണമാണെന്നാണ് ആദായനികുതിവകുപ്പിന്റെ കണ്ടെത്തല്‍.
ഇതിന്റെഅടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് പരിശോധന തുടങ്ങി. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഉറവിടം വ്യക്തമാക്കേണ്ടി വരുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ അടക്കമാണ് പരിശോധന.
നിക്ഷേപകരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബാങ്ക് അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് വകുപ്പ് അധികൃതര്‍ പറയുന്നു. കോഴിക്കോട് സര്‍ക്കിളില്‍ മാത്രം ഏകദേശം 150 കോടിയുടെ കള്ളപ്പണമാണ് ഈ വര്‍ഷം ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.
സാധാരണഗതിയില്‍ 50,000 രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഹാജരാക്കണമെന്നില്ലാത്തതിനാല്‍ മിക്ക സഹകരണ ബാങ്കുകളും 49,999 രൂപയുടെ യൂണിറ്റുകളായാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. വന്‍തുകകള്‍ ഇങ്ങനെ ചെറുതുകയായി നിക്ഷേപിക്കുന്നതിലൂടെ പണത്തിന്റെ ഉറവിടം വ്യക്തമാക്കാതിരിക്കാന്‍ സാധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ വഴിവിട്ട സ്രോതസ്സിലൂടെ ലഭിച്ച പണം വെളുപ്പിക്കാന്‍ പലരും സഹകരണ ബാങ്കുകളെ ആശ്രയിക്കുകയും ചെയ്തിരുന്നതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
പരിശോധനയിൽ കണക്കിലേറെ വരുന്ന തുക പിടിച്ചെടുത്താൽ നിക്ഷേപകൻ പണത്തിന്റെ ഉറവിടം വ്യക്തമാക്കി നികുതിയടക്കാത്ത പക്ഷം തുക കണ്ടുകെട്ടുകയും നിയമ നടപടികളെടുക്കുകയും ചെയ്യുമെന്ന് ഇൻകം ടാക്സ് കമ്മീഷണർ ശ്രീ പി എൻ ദേവദാസൻ പറഞ്ഞു.
വരുമാനത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താതിരിക്കുകയും ആദായനികുതി അടയ്ക്കാതിരിക്കുകയും ചെയ്ത 11,000 പേര്‍ക്കാണ് ഈ വര്‍ഷം മലബാറില്‍ നോട്ടീസ് നല്‍കിയത്. ഇത്തരക്കാരില്‍ നിന്നായി 29.62 കോടിയാണ് തങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ നോട്ടീസിന് മറുപടി നല്‍കാത്ത 4000 പേര്‍ വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും ദേവദാസന്‍ വ്യക്തമാക്കി. മാത്രമല്ല, 3000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള പുരയിടത്തില്‍ വീട് പണിയുന്നവര്‍ക്ക് തങ്ങളുടെ വരുമാന സ്രോതസ്സ് വെളിപ്പെടുത്തണമെന്നുകാട്ടി നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഇത്തരം വീടുകളില്‍ പലതും കള്ളപ്പണം കൊണ്ട് നിര്‍മിക്കുന്നവയാണ്. വരുമാന സ്രോതസ്സ് വെളിപ്പെടുത്താത്തതും ആദായനികുതി അടയ്ക്കാത്തതുമായ ഇത്തരം പുരയിടങ്ങള്‍ ജപ്തി ചെയ്യുന്നതടക്കമുള്ള നടപടികള്‍ ആദായനികുതി വകുപ്പ് സ്വീകരിക്കുമെന്നും കമ്മീഷണര്‍ പിഎന്‍ ദേവദാസന്‍ വ്യക്തമാക്കി.
അതേസമയം, വലിയ തോതിലുള്ള നികുതിവെട്ടിപ്പുകളെ പറ്റി വിവരമറിയിക്കുന്നവര്‍ക്ക് വകുപ്പ് പാരിതോഷികം നല്‍കുമെന്നും അവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. നികുതി വെട്ടിപ്പുകളെ പറ്റി രേഖാമൂലം വിവരം നല്‍കുന്നയാള്‍ക്ക് ആ നികുതിയുടെ അഞ്ചു ശതമാനമാണ് പാരിതോഷികം നല്‍കുക.
https://www.facebook.com/Malayalivartha