ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കുന്നു; നിക്ഷേപത്തില്‍ 15% വളര്‍ച്ച
കാര്‍ഷിക, ഭവന വായ്പകളില്‍ ഇളവുകള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പുതുവര്‍ഷ പ്രഖ്യാപനത്തിന് പിന്നാലെ പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ ബാങ്കുകളുടെ തീരുമാനം. ഇന്നു ചേര്‍ന്ന ബാങ്ക് മേധാവികളുടെ യോഗത്തിലാണ് ഭവന, വാഹന വായ്പ കുറയ്ക്കാന്‍ ധാരണയിലെത്തിയത്. ഇത് സംബന്ധിച്ച പ്രഖ്യാപനം രണ്ടു ദിവസത്തിനകമുണ്ടാകും. നോട്ട് പിന്‍വലിക്കലിലൂടെ രാജ്യത്തെ ബാങ്കുകളിലുണ്ടായിരിക്കുന്ന നിക്ഷേപത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15% വളര്‍ച്ചയുണ്ടായി എന്നും യോഗത്തില്‍ വിലയിരുത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും ഐ.ഡി.ബി.ഐ ബാങ്കും പലിശ നിരക്കില്‍ 15-40 പോയിന്റ് വരെ കുറയ്ക്കാന്‍ കഴിഞ്ഞ ദിവസം തന്നെ തീരുമാനിച്ചിരുന്നു. എസ്.ബി.ഐയും ഐ.സി.ഐ.സി.ഐ ബാങ്കുമാണ് ഇന്ന് പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. വൈകാതെ മറ്റ് ബാങ്കുകളും കുറഞ്ഞ പലിശ നിരക്കിലേക്ക് മാറും. നിക്ഷേപത്തിനു മേലുള്ള പലിശ നിരക്കിലും കുറവ് വരുത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും.
ഭവന വായ്പയിലായിരിക്കും കാര്യമായ പലിശ നിരക്ക് കുറവ് വരിക. ഒരുപക്ഷേ എട്ട് ശതമാനത്തിനു താഴെവരെ ചില ബാങ്കുകള്‍ പലിശ നിരക്ക് കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്. പലിശ നിരക്ക് കുറയ്ക്കുന്നതോടെ വാഹനങ്ങളുടേയും മറ്റ് ഈടുള്ള ഉപഭോക്തു വസ്തുക്കളിലുമുള്ള നിക്ഷേപം കൂടുമെന്ന ധാരണയാണ് സര്‍ക്കാരിന്.
https://www.facebook.com/Malayalivartha