എസ്ബിഐയുടെ ലാഭം 4000 കോടിയിലേറെ
പലിശ നിരക്കില്‍ കുറവു വരുത്തിയതു വഴി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4000 കോടിയിലേറെ രൂപ ലാഭം. പൊതു മേഖലയിലെ മറ്റു ചില ബാങ്കുകളും എസ്ബിഐക്കു പിന്നാലെ സേവിങ്‌സ് നിക്ഷേത്തിന്മേലുള്ള പലിശ കുറച്ചേക്കുമെന്നു കരുതുന്നു. എസ്ബിഐ സേവിങ്‌സ് നിക്ഷേപത്തിന്മേലുള്ള പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ട് ആറു വര്‍ഷമായി. നാലു ശതമാനം നിരക്ക് 2011 ജൂണിലാണു നിലവില്‍വന്നത്. അതിനു മുന്‍പു 2003 മാര്‍ച്ച് മുതല്‍ നിരക്ക് 3.5 ശതമാനമായിരുന്നു.
എസ്ബിഐ സേവിങ്‌സ് അക്കൗണ്ടുകളിലെ ആകെ നിക്ഷേപം ഏറ്റവും ഒടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 9.4 ലക്ഷം കോടി രൂപയാണ്. ഇതില്‍ 90 ശതമാനവും ഒരു കോടിയില്‍ താഴെ നീക്കിയിരിപ്പുള്ള അക്കൗണ്ടുകളിലേതാണ്. ആ നിലയ്ക്ക് അര ശതമാനം പലിശ കുറയ്ക്കുമ്പോഴുണ്ടാകുന്ന ലാഭം 4230 കോടി രൂപ വരും.
ഒരു കോടി രൂപയില്‍ താഴെയാണു നിക്ഷേപത്തിലെ ബാക്കിയിരിപ്പെങ്കില്‍ പലിശ നാലില്‍നിന്നു 3.5 ശതമാനമായി കുറയ്ക്കാനും ഒരു കോടി രൂപയ്ക്കു മേലുള്ള നീക്കിയിരിപ്പിനു നാലു ശതമാനം പലിശ നിലനിര്‍ത്താനുമുള്ള തീരുമാനത്തിലൂടെ എസ്ബിഐയില്‍ സേവിങ്‌സ് ബാങ്ക് നിക്ഷേപത്തിന് ഇരട്ട നിരക്കാകും.
വായ്പ നിരക്കുകളുടെ നിരക്കു കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെയാണ് എസ്ബിഐ നിക്ഷേപ പലിശ കുറച്ചതെന്നു ബാങ്കിങ് മേഖലയില്‍ സംസാരമുണ്ട്. നാളെയാണ് ആര്‍ബിഐ വായ്പ നിരക്കുകളിലുള്ള നിലപാടു പ്രഖ്യാപിക്കുന്നത്.
https://www.facebook.com/Malayalivartha