റിസര്‍വ് ബാങ്കിന്റെ പണ വായ്പ അവലോകനയോഗം നാളെ
റിസര്‍വ് ബാങ്കിന്റെ പണ വായ്പ അവലോകനയോഗം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കും. ബുധനാഴ്ച ഉച്ചയ്ക്കാണ് വായ്പാനയം പ്രഖ്യാപിക്കുക. പലിശ കുറയ്ക്കാനുള്ള സമ്മര്‍ദങ്ങള്‍ക്കിടെയാണിത്. കഴിഞ്ഞ നാല് മാസത്തെ അവലോകന യോഗങ്ങളിലും അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. പലിശ കുറയ്ക്കാന്‍ വാണിജ്യ, വ്യവസായ ലോകവും കേന്ദ്രസര്‍ക്കാരും സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതാണ് പ്രധാനം എന്ന നിലപാടാണ് ആര്‍.ബി.ഐ. സമിതി സ്വീകരിച്ചത്.
പണപ്പെരുപ്പം അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയ സ്ഥിതിക്ക് ഇത്തവണ നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷ. റിസര്‍വ് ബാങ്ക് നിരക്ക് കുറയ്ക്കും മുമ്പുതന്നെ ഇന്ത്യയിലെ ഏറ്റവുംവലിയ ബാങ്കായ എസ്.ബി.ഐ. സേവിങ്‌സ് ബാങ്ക് നിക്ഷേപത്തിന്റെ പലിശ അരശതമാനം കുറച്ചുകഴിഞ്ഞു. വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പയുടെ പലിശയായ റിപ്പോ നിരക്ക് ഇപ്പോള്‍ 6.25 ശതമാനമാണ്. ഇത് ആറുശതമാനമായി കുറയ്ക്കുമെന്നാണ് കരുതുന്നത്.
പലിശനിരക്ക് കുറയുമെന്ന വാര്‍ത്ത പ്രചരിച്ചതോടെ തിങ്കളാഴ്ച ഓഹരി സൂചികകള്‍ ഉയരുകയും ചെയ്തു.സാമ്പത്തികവളര്‍ച്ച ത്വരപ്പെടുത്തുന്നതിന് പലിശനിരക്ക് കുറയണമെന്നാണ് വാണിജ്യ വ്യവസായ മേഖലകള്‍ എക്കാലവും ആവശ്യപ്പെടുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ജനുവരിമുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ 6.1 ശതമാനമായിരുന്നു വളര്‍ച്ച. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവുംകുറഞ്ഞ നിരക്കാണിത്.
https://www.facebook.com/Malayalivartha