സ്വകാര്യ മേഖലയില്‍ മുതല്‍മുടക്ക് വര്‍ധിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
സ്വകാര്യ മേഖലയിലെ മുതല്‍മുടക്കു വര്‍ധിപ്പിക്കണമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പറഞ്ഞു. നടപ്പു സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.3 ശതമാനത്തില്‍ എത്തുമെന്നാണു റിസര്‍വ് ബാങ്ക് വിലയിരുത്തല്‍. എന്നാല്‍ നിക്ഷേപരംഗത്തു മാന്ദ്യം തുടരുകയുമാണ്. ഈ സാഹചര്യത്തില്‍ 7.3% വളര്‍ച്ചാനിരക്ക് അപ്രാപ്യമാണെന്നാണ് വിദഗ്ധര്‍ കരുതുന്നത്. പുതിയ പദ്ധതികള്‍ക്കും ബാങ്ക് വായ്പയെടുത്തുള്ള മുതല്‍മുടക്കിനും നിക്ഷേപകര്‍ ആവേശപൂര്‍വം കോപ്പുകൂട്ടുന്നില്ല. ജിഎസ്ടി വന്നതോടെ സമാന്തര സമ്പദ്‌വ്യവസ്ഥയ്ക്കു ഹ്രസ്വകാലത്തു തളര്‍ച്ചയാണ്.
റീപ്പോ നിരക്കു കുറച്ചതു പലിശ നിരക്കുകളിലും നേരിയ കുറവു വരുത്തിയേക്കാം, പക്ഷേ, വായ്പയെടുക്കാന്‍ ആവേശമില്ലെന്നതാണു വസ്തുത. പ്രായോഗിക നിക്ഷേപ പദ്ധതികളുമായി ബാങ്കര്‍മാരുടെ മുന്നില്‍ ക്യൂ ഇല്ല. ബാങ്കുകളാവട്ടെ, ആവശ്യത്തിലേറെ ഫണ്ടുമായി കാത്തിക്കുകയുമാണ്. ഈ സ്ഥിതിക്കു താമസിയാതെ മാറ്റം വരുമെന്നും കരുതുന്നു. ബാങ്ക് വായ്പാ പലിശനിരക്കു കുറഞ്ഞാല്‍ മാത്രമേ വ്യവസായ നിക്ഷേപം വര്‍ധിക്കുകയുള്ളൂ. എങ്കില്‍ മാത്രമേ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്കിലും വര്‍ധനയണ്ടാവൂ. ഈ ലക്ഷ്യം വച്ചാണു സ്വകാര്യമേഖലയിലെ മുതല്‍മുടക്കില്‍ വര്‍ധന ഉണ്ടാവണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ ഉല്‍പന്ന വിലയിടിവും നഷ്ടവും തല്‍ഫലമായുള്ള ബാങ്ക് വായ്പാബാധ്യതയും മൂലം നിരവധി വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ തളര്‍ച്ചയിലായതും ബാങ്കുകളുടെ കിട്ടാക്കടം പെരുകിയതും വ്യവസായ നിക്ഷേപത്തെ പുറകോട്ടടിച്ചിരിക്കുകയാണ്. കിട്ടാക്കടം പെരുകിയ ബാങ്കുകള്‍ പുതിയ വായ്പകള്‍ കൊടുക്കാന്‍ പതിവിലേറെ മുന്‍കരുതലെടുക്കുന്നു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനപ്പെടാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മിക്ക നയപരിപാടികളും ഹ്രസ്വകാലാടിസ്ഥാനത്തില്‍ ബിസിനസ് മാന്ദ്യമാണു സൃഷ്ടിച്ചതെന്നു ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡി സി.ജെ. ജോര്‍ജ് ചൂണ്ടിക്കാട്ടി. നോട്ട് റദ്ദാക്കല്‍, നികുതിക്കുടിശിക പിടിക്കാനുള്ള ശക്തമായ നടപടികള്‍, ബാങ്ക് വായ്പ തിരിച്ചടവു മുടക്കുന്നവരെ കര്‍ശനമായി കൈകാര്യം ചെയ്യല്‍ തുടങ്ങിയ നടപടികളെല്ലാം തന്നെ ബിസിനസ് രംഗത്തുള്ളവരെ കാത്തിരുന്നുകാണാം എന്ന മനോഭാവത്തിലേക്കു മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha