200 രൂപ നോട്ടുകള്‍ സെപ്റ്റംബറോടെ റിസര്‍വ് ബാങ്ക് പുറത്തിറക്കും
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചരിത്രത്തിലാദ്യമായി 200 രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. നോട്ടുകള്‍ ഓഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലോ പുറത്തിറക്കാനാണ് ആര്‍ബിഐയുടെ നീക്കം.
തുടക്കത്തില്‍ 200 രൂപ മൂല്യത്തിലുള്ള 50 കോടിയോളം നോട്ടുകളാണ് പുറത്തിറക്കുകയെന്നും അതിനാല്‍ നോട്ട് ക്ഷാമം ഒഴിവാക്കാനും അനധികൃത വിനിമയം തടയാനും കഴിയുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു.
100, 500 രൂപ നോട്ടുകളുടെ ഇടയില്‍ മൂല്യമുള്ള മറ്റ് നോട്ടുകള്‍ ഉടന്‍ പുറത്തിറക്കാന്‍ ആര്‍ബിഐ ഉദ്ദേശിക്കുന്നില്ല. അതിനാല്‍ 200 രൂപയുടെ നോട്ടുകള്‍ ഏറെ പ്രചാരം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ നോട്ടുകള്‍ കൂടുതലായി എത്തുന്നത് സാധാരണക്കാര്‍ അനുഭവിച്ചിരുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് സൗമ്യ കാന്തി ഘോഷ് പറയുന്നത്.
നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകള്‍ അനധികൃതമായി പൂഴ്ത്തിവെക്കുന്നുവെന്നും കരിഞ്ചന്തയില്‍ ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍ കൂടുതല്‍ ശ്രദ്ധയേടെയും തയാറെടുപ്പുകള്‍ നടത്തിയുമാണ് 200 രൂപ നോട്ടുകള്‍ അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha