ഡിജിറ്റൽ ഇടപാടുകളിൽ പണം നഷ്ടമായാൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഡിജിറ്റൽ പേമെൻറിെൻറ കാലത്ത് പണം കൈയിൽകൊണ്ട് നടക്കാൻ മടിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളെയും മണി വാലറ്റുകളെയും ആശ്രയിക്കാനാണ് പലർക്കും താൽപര്യം. ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതോടെ ഇൗ രംഗത്തെ തട്ടിപ്പുകളും ഇരട്ടിയായി. ഡിജിറ്റൽ ഇടപാടുകളിൽ പണം പോകുന്നവരുടെ എണ്ണം വർധിച്ചതോടെ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ കഴിഞ്ഞദിവസം വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഡിജിറ്റൽ ഇടപാടുകളിൽ പണം നഷ്ടപ്പെടുന്നവർ ബാങ്കുകളെ വിവരമറിയിക്കാൻ അമാന്തിക്കരുത് എന്നാണ് നിർദേശം. എത്രവേഗം വിവരമറിയിക്കുന്നുവോ അത്രയും എളുപ്പത്തിൽ പണം തിരികെ അക്കൗണ്ടുകളിലെത്താനുള്ള മാർഗനിർദേശങ്ങളാണ് ബാങ്ക് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിലായി എ.ടി.എം വഴിയും മറ്റും പണം പിൻവലിക്കുന്നവർ ഒരുകാര്യം ശ്രദ്ധിച്ചുകാണും. മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായി അതിവേഗത്തിൽ മൊബൈൽ സന്ദേശങ്ങളായും ഇ-മെയിലായും ‘അലർട്ട്’ വരുന്നു; അക്കൗണ്ടിൽനിന്ന് ഇന്ന എ.ടി.എം വഴി ഇത്ര തുക പിൻവലിച്ചിട്ടുണ്ടെന്ന്. ബാങ്കുകൾക്ക് റിസർവ് ബാങ്ക് കർശന നിർദേശം നൽകിയതിെൻറ ഫലമാണ് ഇൗ ശുഷ്കാന്തി.
ഇലക്ട്രോണിക് ബാങ്കിങ് ട്രാൻസാക്ഷൻ നടത്തുന്ന ഉപഭോക്താക്കൾക്ക് മൊബൈൽ സന്ദേശം വഴിയും ഇ^മെയിൽ സന്ദേശം വഴിയും അറിയിപ്പ് നൽകണമെന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. തങ്ങളുടെ അറിവ് കൂടാതെയാണ് ഇടപാട് നടന്നതെന്ന് അക്കൗണ്ട് ഉടമ അലർട്ട് ലഭിച്ച് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ബാങ്കിൽ പരാതി നൽകിയാൽ, നഷ്ടപ്പെട്ട പണം പത്തുദിവസത്തിനകം അക്കൗണ്ടിൽ തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ബാങ്കുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. പണം നഷ്ടപ്പെട്ട് നാലുമുതൽ ഏഴുദിവസത്തിനകമാണ് അക്കൗണ്ട് ഉടമ വിവരമറിയിക്കുന്നതെങ്കിൽ, പണം തിരികെക്കിട്ടാനുള്ള സാധ്യത അതനുസരിച്ച് കുറയും. ഏഴു ദിവസത്തിനുശേഷമാണ് വിവരമറിയിക്കുന്നതെങ്കിൽ, ബാക്കി കാര്യങ്ങൾ ബാങ്കിന് തീരുമാനിക്കാം.
ഇടക്കാലത്തിനുശേഷം വീണ്ടും ഡിജിറ്റൽ പണമിടപാടിൽ തട്ടിപ്പ് വർധിച്ചതോടെ ബാങ്കുകളും മുന്നറിയിപ്പുകളും ജാഗ്രത നിർദേശങ്ങളും ശക്തമാക്കിയിട്ടുണ്ട്. തങ്ങൾ മൊബൈൽ സന്ദേശം വഴിയോ ഫോൺകാൾ വഴിയോ പാസ്വേർഡും സി.വി.വി കോഡുമൊന്നും ആവശ്യെപ്പടാറില്ലെന്നും ബാങ്കിൽനിന്ന് എന്ന പേരിൽ വരുന്ന ഫോൺകാളുകൾക്ക് മറുപടിയായി പാസ്വേർഡ് ഉൾപ്പെടെ രഹസ്യസ്വഭാവമുള്ള ഒരുവിവരവും കൈമാറരുത് എന്നുമാണ് മുന്നറിയിപ്പ്. രഹസ്യ വിവരങ്ങൾ ആവശ്യപ്പെടുന്ന ഫോൺ സന്ദേശം വന്നാൽ ഉടൻ ബാങ്കിെൻറ ഹോം ബ്രാഞ്ചുമായി ബന്ധപ്പെടണം.
െക്രഡിറ്റ് കാർഡ് വിവരങ്ങൾ, രഹസ്യ നമ്പർ എന്നിവ മറ്റാരുമായും പങ്കുവെക്കാതിരിക്കുക, കാർഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുമ്പോൾ കൺമുന്നിൽ വെച്ചുതന്നെ സ്വൈപ് ചെയ്യാൻ നിർദേശിക്കുക, രഹസ്യകോഡ് സ്വയം എൻറർ ചെയ്യുക, കാർഡ് വഴി പണമടച്ചശേഷം ലഭിക്കുന്ന രശീതി സ്വന്തമെന്ന് ഉറപ്പുവരുത്തുക, സമ്മാനങ്ങൾ, പാരിതോഷികങ്ങൾ തുടങ്ങിയവക്കായി വ്യാപാര സ്ഥാപനങ്ങൾ ബന്ധപ്പെടുമ്പോൾ എ.ടി.എം കാർഡ് വിവരങ്ങൾ ഫോണിൽ കൈമാറാതിരിക്കുക, സ്മാർട്ട് ഫോണുകളിൽ ആപ്ലിക്കേഷനുകൾ, ഗെയിമുകൾ തുടങ്ങിയവ സ്ഥാപിക്കുമ്പോൾ വിലപ്പെട്ട വിവരങ്ങൾ പുറത്തുപോകുന്നില്ലെന്ന് ഉറപ്പുവരുത്തുക, നിശ്ചിത കാലയളവിൽ പിൻനമ്പറുകൾ മാറ്റുക, ഫോൺ നമ്പറിൽ മാറ്റം വന്നാൽ ബാങ്കിനെ അറിയിക്കുക തുടങ്ങിയ നിർദേശങ്ങളാണ് വീണ്ടും നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha