ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നു ...
വ്യവസായ മേഖലയിൽ നിന്നുള്ള കിട്ടാക്കടം പെരുകുന്നത് ബാങ്കുകൾക്ക് ബാധ്യതയായി മാറുന്നു. 2016ൽ ബാങ്കുകൾ എഴുതിത്തള്ളിയ കിട്ടാക്കടം 1.5 ലക്ഷം കോടി രൂപയാണ്. ഇതേസമയം 8.28 ലക്ഷം കോടി രൂപയാണ് വ്യവസായ മേഖലയിൽ നിന്നുള്ള കിട്ടാക്കടം.
രാജ്യത്തെ വ്യാവസായികാന്തരീക്ഷം മോശമായതും സമ്പദ്‌വ്യവസ്ഥയെ ബാധിച്ച മാന്ദ്യവും മനഃപൂർവം വരുത്തുന്ന കുടിശികയുമെല്ലാം ചേർന്നാണ് സമ്പത്തികസ്ഥിതി വഷളാക്കുന്നത്. വ്യവസായ മേഖലയിൽ നിന്നുള്ള കിട്ടാക്കടം 228% വർധിച്ചത് ബാങ്കിങ് മേഖലയെ തളർത്തുമെന്ന ആശങ്കയിലാണ് റിസർവ് ബാങ്ക്. 2015 മാർച്ചിൽ വ്യവസായ മേഖലയിൽ നിന്നുള്ള കിട്ടാക്കടം 3.63 ലക്ഷം കോടിയായിരുന്നത് അടുത്ത വർഷം 8.28 ലക്ഷം കോടിയായാണു വർധിച്ചത്. 27 പൊതുമേഖലാ ബാങ്കുകളുടെയും (എസ്ബിഐ അനുബന്ധ ബാങ്കുകൾ ഉൾപ്പെടെ) സ്വകാര്യ മേഖലയിലുള്ള 21 പ്രമുഖ ബാങ്കുകളുടെയും കണക്കാണിത്. ഇതേസമയം, പല പേരുകളിലും വിഭാഗങ്ങളിലുമാക്കി വിഭജിച്ച് കിട്ടാക്കടത്തിന്റെ ഗൗരവം കുറയ്ക്കാൻ ബാങ്കുകൾ ശ്രമിക്കുന്നുണ്ട്.
മുൻഗണനാ വിഭാഗത്തിലുള്ള വായ്പകളിൽ കിട്ടാക്കടത്തിന്റെ വളർച്ച താരതമ്യേന കുറവാണ്. കാർഷിക, ചെറുകിട വ്യവസായ, ഭവനനിർമാണ മേഖലകൾ ഉൾപ്പെടുന്ന വിഭാഗമാണിത്. സാധാരണക്കാരുടെ വായ്പകൾ ഈ വിഭാഗത്തിൽ പെടുന്നവയാണ്. ബാങ്കിലെത്തുന്ന നിക്ഷേപത്തിന്റെ 40% മുൻഗണനാ വിഭാഗത്തിനു വായ്പ നൽകാനാണു വിനിയോഗിക്കുന്നത്. എങ്കിലും 2015 മാർച്ചിൽ ഈ വിഭാഗത്തിലെ കിട്ടാക്കടം 1.93 ലക്ഷം കോടി രൂപയായിരുന്നത് അടുത്ത വർഷം 2.51 ലക്ഷം കോടിയായിട്ടുണ്ട്.
https://www.facebook.com/Malayalivartha