കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ മാറി നല്‍കിയില്ലെങ്കില്‍ പിഴ
അമിത സേവന നിരക്കും പിഴയും ഈടാക്കി ജനത്തെ പിഴിയുന്ന ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ കുരുക്ക്. കീറിയതും മുഷിഞ്ഞതുമായ നോട്ട് മാറ്റിക്കൊടുക്കാതിരുന്നാലും കള്ളനോട്ട് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാലും 50 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ബാങ്ക് ശാഖയില്‍നിന്ന് പിഴ ഈടാക്കും. ഇതു സംബന്ധിച്ച് എല്ലാ ബാങ്കുകള്‍ക്കും ആര്‍.ബി.ഐ സര്‍ക്കുലര്‍ അയച്ചു.
കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ എല്ലാ ശാഖയിലും എല്ലാ ദിവസവും മാറ്റി കൊടുക്കണമെന്നാണ് ആര്‍.ബി.ഐ നിര്‍ദേശമെങ്കിലും അത് പാലിക്കാറില്ല. കീറിയ നോട്ടിന്റെ 65 ശതമാനം കൈവശമുണ്ടെങ്കില്‍ നോട്ടിന്റെ മൂല്യത്തിനൊത്ത പണം നല്‍കണം. ചില ബാങ്കുകള്‍ ആര്‍.ബി.ഐയുടെ കറന്‍സി ചെസ്റ്റുള്ള ശാഖയിലേക്ക് ജനത്തെ തള്ളിവിടും. മറ്റു ചിലത് ചില പ്രത്യേക ദിവസങ്ങളിലാണ് നോട്ട് മാറ്റി നല്‍കുന്നത്. എസ്.ബി.ഐയുടെ കോഴിക്കോട്, തലശ്ശേരി ശാഖകള്‍ മുമ്പ് രണ്ടാമത്തെ ഞായറാഴ്ച നോട്ട് മാറ്റി നല്‍കാന്‍ മാത്രമായി പ്രവര്‍ത്തിച്ചിരുന്നു. നോട്ട് അസാധുവാക്കലിനു ശേഷമുള്ള പരിഷ്‌കാരത്തോടെ അതും നിലച്ചു. ഫലത്തില്‍ കീറിയതും മുഷിഞ്ഞതുമായ നോട്ടുമായി ജനം അലയുന്ന സ്ഥിതിയായി. ഇതു സംബന്ധിച്ച പരാതികള്‍ വ്യാപകമായതോടെയാണ് ആര്‍.ബി.ഐ പിഴ ചുമത്താന്‍ ഇറങ്ങിയത്.
ആര്‍.ബി.ഐ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ഒരു തവണ ക്രമക്കേട് കണ്ടെത്തിയാല്‍ 10,000 രൂപയും അഞ്ചില്‍ കൂടിയാല്‍ അഞ്ച് ലക്ഷവും പിഴ ചുമത്തും. ഇക്കാര്യം ജനത്തെ അറിയിക്കുകയും ചെയ്യും. 50 രൂപ വരെ മൂല്യമുള്ള നോട്ടുകള്‍ മാറ്റി കൊടുത്തില്ലെങ്കില്‍ ഓരോ നോട്ടിനും 50 രൂപ എന്ന തോതില്‍ ബാങ്കിന് ആര്‍.ബി.ഐ പിഴ ചുമത്തും. 100 രൂപയും അതിലധികവുമാണെങ്കില്‍ ഓരോ നോട്ടിന്റെയും മൂല്യത്തിന് തുല്യമായ തുക നല്‍കേണ്ടി വരും. കറന്‍സി ചെസ്റ്റില്‍ മുഷിഞ്ഞ നോട്ടിനിടക്ക് കീറിയ നോട്ട് കണ്ടാല്‍ ഓരോ നോട്ടിനും ശാഖയിലെ ബന്ധപ്പെട്ടവര്‍ 50 രൂപ പിഴ നല്‍കണം.
ആര്‍.ബി.ഐ ഉദ്യോഗസ്ഥര്‍ കറന്‍സി ചെസ്റ്റ് പരിശോധിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശ ലംഘനം കണ്ടുപിടിച്ചാല്‍ ഓരോ ക്രമക്കേടിനും 5,000 രൂപ പിഴ ചുമത്തും. ക്രമക്കേട് ആവര്‍ത്തിച്ചാല്‍ പിഴ 10,000 രൂപയാണ്. പഴയതും കീറിയതുമായ നോട്ട് മാറ്റി നല്‍കേണ്ടത് ബാങ്ക് ശാഖയുടെയും കള്ളനോട്ടിന്റെ കാര്യത്തില്‍ തീര്‍പ്പാക്കേണ്ടത് ചെസ്റ്റ് ശാഖയുടെയും ഉത്തരവാദിത്തമാണ്. കറന്‍സി ചെസ്റ്റിലെ പണ ബാക്കി അതിന്റെ ചുമതലക്കാരനല്ലാത്തയാള്‍ രണ്ട് മാസത്തിലൊരിക്കല്‍ പരിശോധിക്കണം. ചില ബാങ്ക് ശാഖകള്‍ 50 രൂപ വരെ മൂല്യമുള്ള ചെറിയ നോട്ടുകള്‍ സ്വീകരിക്കാന്‍ വൈമനസ്യം കാട്ടാറുണ്ട്. ഇനി അത്തരം പരാതി വന്നാല്‍ ബാങ്ക് പിഴയൊടുക്കേണ്ടി വരുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha