സൗജന്യ എടിഎം ഇടപാടുകള്‍ ഇനി രണ്ടെണ്ണം മാത്രം
സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണം വീണ്ടും കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. സ്വന്തം ബാങ്കുകളുടേതല്ലാത്ത എടിഎമ്മുകളില്‍ നിലവില്‍ പ്രതിമാസം അഞ്ച് ഇടപാടുകളേ സൗജന്യമായി നടത്താന്‍ കഴിയൂ. ഇത് രണ്ടാക്കി കുറയ്ക്കാനാണ് ആര്‍ബിഐ തയ്യാറെടുക്കുന്നത്.
തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് മാസത്തില്‍ രണ്ടില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തിയാല്‍ ഓരോന്നിനും 20 രൂപ വരെ നല്‍കേണ്ടി വരും. എന്നാല്‍, ഗ്രാമീണ മേഖലയില്‍ മറ്റു ബാങ്കുകളിലെ എടിഎം ഇടപാടുകളുടെ എണ്ണം അഞ്ചാക്കി നിലനിര്‍ത്താനും ആലോചനയുണ്ട്. ഗ്രാമീണ മേഖലയില്‍ എടിഎം കൗണ്ടറുകളുടെ എണ്ണം കുറവായതിനാലാണിത്.
എടിഎം കൗണ്ടറുകളിലെ സുരക്ഷ കര്‍ശനമാക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായതോടെയാണ് ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ ബാങ്കുകളുടെ ഭാഗത്തു നിന്ന് സമ്മര്‍ദം ശക്തമായത്. അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മുകളിലെ ഇടപാടുകളുടെ എണ്ണം അഞ്ചാക്കി ചുരുക്കണമെന്നും ബാങ്കുകള്‍ ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ പരിധിയില്ലാതെ ഇടപാട് നടത്താം.
എടിഎമ്മുകള്‍ വ്യാപകമായതോടെ ഇടപാടുകാര്‍ നിരന്തരം എടിഎം കൗണ്ടറുകളെ ആശ്രയിക്കുകയാണെന്നും ഇടപാടുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നുവെന്നും ബാങ്കുകള്‍ പറയുന്നു. ഇത് കാര്‍ഡ് നല്‍കുന്ന ബാങ്കിന്റെ ചെലവ് കൂട്ടുന്നതായാണ് വാദം. ഇത്തരം ഇടപാടുകള്‍ നിയന്ത്രിക്കാന്‍ ഫീസ് അത്യാവശ്യമാണെന്നും ബാങ്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha