സേവനങ്ങളിലുണ്ടാകുന്ന വീഴ്ചയെ തുടര്‍ന്ന് ബാങ്കിങ് സേവനങ്ങള്‍ക്കെതിരായ പരാതികള്‍ പെരുകുന്നു
ഇടപാടുകാരുടെ എണ്ണം വര്‍ധിക്കുകയും ബാങ്കുകള്‍ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവത്കരിക്കുകയും ചെയ്തതോടെ ബാങ്കിങ് സേവനങ്ങള്‍ക്കെതിരായ പരാതികള്‍ പെരുകുന്നു. പ്രതിവര്‍ഷം ശരാശരി ഒരു ലക്ഷത്തിലധികം പരാതികള്‍ ഇടപാടുകാരില്‍നിന്ന് രാജ്യത്തെ ബാങ്കിങ് ഓംബുഡ്മാന്‍ ഓഫിസുകളില്‍ എത്തുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
പരാതികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും 25 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. 29 സംസ്ഥാനങ്ങള്‍ക്കും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി രാജ്യത്ത് 20 ഓംബുഡ്‌സ്മാന്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2014-15ല്‍ 85,131 പരാതികളാണ് ഇവിടങ്ങളില്‍ ലഭിച്ചത്. 2015-16ല്‍ 10,2894ഉം 2016-17ല്‍ 1,30,987ഉം പരാതികള്‍ ലഭിച്ചു. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് '1516ല്‍ പരാതികള്‍ 21 ശതമാനവും '1617ല്‍ 27 ശതമാനവും വര്‍ധിച്ചു. '1617ല്‍ ലഭിച്ചവയില്‍ 11,192 പരാതികള്‍ തീര്‍പ്പാകാനുണ്ട്. ഇവയില്‍ 2,139 എണ്ണം മൂന്ന് മാസത്തിലധികം പഴക്കമുള്ളവയാണ്.
പരാതികളില്‍ 12.5 ശതമാനവും എ.ടി.എം, ഡെബിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടവയാണ്. ഇവയില്‍തന്നെ 7.4 ശതമാനം പണം കിട്ടുന്നില്ലെന്ന പരാതിയാണ്. ക്രെഡിറ്റ് കാര്‍ഡ്, നിക്ഷേപം, വായ്പ, ബാങ്ക് ജീവനക്കാരുടെ പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ടതാണ് മറ്റ് പരാതികള്‍. കേരളവും ലക്ഷദ്വീപും തിരുവനന്തപുരം ഓഫിസിന്റെ പരാതിയിലാണ്. 2014-15ല്‍ 3,024ഉം 2015-16ല്‍ 3,593ഉം 2016-17ല്‍ 3,855ഉം പരാതികള്‍ തിരുവനന്തപുരം ഓഫിസില്‍ ലഭിച്ചു. ഇവയില്‍ 92.10 ശതമാനവും തീര്‍പ്പാക്കി. രാജ്യത്ത് കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ പരാതികളെത്തിയത് ഡല്‍ഹി ഓഫിസിലാണ്: 24,873. തിരുവനന്തപുരം, ഭുവനേശ്വര്‍, ഗുവാഹതി, ഛത്തിസ്ഗഢ് ഓഫിസുകളിലാണ് പരാതികള്‍ കുറവ്.
44 ശതമാനം പരാതികള്‍ ഇമെയില്‍ വഴിയും 39 ശതമാനം തപാല്‍ വഴിയുമാണ് ഓംബുഡ്‌സ്മാന്‍ ഓഫിസുകളില്‍ എത്തുന്നത്. പരാതികളില്‍ 35 ശതമാനം ദേശസാത്കൃത ബാങ്കുകള്‍ക്കും 26.5 ശതമാനം സ്വകാര്യ ബാങ്കുകള്‍ക്കുമെതിരെയാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്ക് നടത്തിവരുന്ന വര്‍ധിച്ച ബോധവത്കരണമാണ് പരാതിക്കാര്‍ കൂടാന്‍ കാരണമെന്നാണ് ഓംബുഡ്‌സ്മാന്‍ അധികൃതര്‍ പറയുന്നത്. ഒരു മാസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തിനകം ഒംബുഡ്‌സ്മാനെ സമീപിക്കാമെന്നാണ് ചട്ടം.
https://www.facebook.com/Malayalivartha