എസ്ബിഐയില്‍ വായ്പ പലിശ നിരക്കില്‍ വര്‍ദ്ധന
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വായ്പ പലിശ നിരക്കില്‍ വര്‍ധന. നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തിയതിനു പിന്നാലെയാണ് വായ്പ നിരക്കും ഉയര്‍ത്തി ഉത്തരവിറക്കിയത്. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (എംസിഎല്‍ആര്‍) ആണ് ഉയര്‍ത്തിയത്. ഇത് ഇന്നു മുതല്‍ നിലവില്‍ വരും. വായ്പ നിരക്ക് നിലവിലുണ്ടായിരുന്ന 7.95 ശതമാനത്തില്‍ നിന്നും 8.15 ശതമാനം ആയാണ് ഉയര്‍ത്തിയത്. ഒരു വര്‍ഷത്തെ ആദ്യ വായ്പ നിരക്ക് വര്‍ധനയാണിത്. 2016 ഏപ്രിലില്‍ പുതിയ വായ്പ റേറ്റ് സംവിധാനം നിലവില്‍ വന്നതിനു ശേഷമുള്ള വര്‍ധനവാണിത്.
നിക്ഷേപ നിരക്ക് ഉയര്‍ത്തി ഇന്നലെയാണ് എസ്.ബി.ഐയുടെ ഉത്തരവ് പുറത്തുവന്നത്. വ്യത്യസ്ത കാലയളവുകളിലുള്ള ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ 10 മുതല്‍ 50 ബേസിസ് പോയിന്റുവരെയാണ് കൂട്ടിയത്. ഇതുപ്രകാരം ഏഴു മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്് 5.25 ശതമാനത്തില്‍ നിന്ന് 5.75 ശതമാനം ആയി ഉയര്‍ന്നു.
ഒരു വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങഴുടെ പലിശ 6.25% ല്‍ നിന്നും 6.40% ആയി ഉയര്‍ത്തി. രണ്ടു മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6%ല്‍ നിന്ന് 6.50% പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏഴ് ശതമാനവുമായിരിക്കും. പണലഭ്യത കുറഞ്ഞതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
റിസര്‍വ് ബാങ്ക് പോലും പലിശ നിരക്കില്‍ മാറ്റം വരുത്താതിരിക്കുമ്പോഴാണ് എസ്.ബി.ഐ അടക്കമുള്ള ചില ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ലാഭത്തിലുണ്ടായ കുറവാണ് ഇത്തരം നടപടിയെടുക്കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha