പത്തുവയസ്സായാല്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാം
പത്തു വയസ്സുളള കുട്ടികള്‍ക്കും ഇനി ബാങ്ക് അക്കൗണ്ട് തുടങ്ങാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഐ.സി.ഐ.സി.ഐ ബാങ്കുമാണ് കുട്ടികള്‍ക്ക് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവുമായി രംഗത്തെത്തിയിരിക്കുന്നത്. അക്കൗണ്ട് ഇടപാടുകള്‍ നിയന്ത്രിക്കാനും ചെക്കില്‍ ഒപ്പിടാനും അധികാരം ലഭിക്കുന്നതു കൂടാതെ സ്വന്തം പേരില്‍ എ.ടി.എം കാര്‍ഡും ലഭിക്കും.
അധ്യാപകദിനമായ സെപ്‌റ്റംബര്‍ 5 ന് കുട്ടികള്‍ക്കായി 2 പദ്ധതികള്‍ എസ്‌ബിഐ അവതരിപ്പിച്ചിരുന്നു. പെഹലാ കദം, പെഹലീ ഉദാന്‍ എന്നീ പദ്ധതികളാണ് അവതരിപ്പിച്ചത്. ശരിയായ ഒപ്പു രേഖപ്പെടുത്താന്‍ സാധിക്കുന്ന പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പെഹലീ ഉദാന്‍ പദ്ധതി പ്രകാരം അക്കൗണ്ട് തുടങ്ങാന്‍ സാധിക്കുമെന്ന് എസ്‌ബിഐ അറിയിച്ചു. ഒപ്പിന്റെ കാര്യത്തില്‍ യാതൊരു ഇളവും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി സ്‌മാര്‍ട്ട് സ്റ്റാര്‍ അക്കൗണ്ടുകളാണ് ഐ.സി.ഐ.സി.ഐ ബാങ്ക് അവതരിപ്പിച്ചത്. കുട്ടികള്‍ക്കു വേണ്ടി മുതിര്‍ന്നവര്‍ നിയന്ത്രിക്കുന്ന അക്കൗണ്ടിനു പകരം മുതിര്‍ന്നവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ കുട്ടികള്‍ നിയന്ത്രിക്കുന്ന അക്കൗണ്ടുകള്‍ പ്രചരിപ്പിക്കാനാണ് ഐ.സി.ഐസിഐ ശ്രമിക്കുന്നത്. സുരക്ഷയ്‌ക്കുവേണ്ടി ഇത്തരം അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി നിജപ്പെടുത്തുമെന്നും ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ വ്യക്തമാക്കി.. രക്ഷകര്‍ത്താവിന്റെ സമ്മതത്തോടെയാണെങ്കില്‍ ഈ പരിധി 2 ലക്ഷമായി ഉയര്‍ത്തും.
മൊബൈല്‍ ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് തുടങ്ങി എല്ലാ സേവനങ്ങളും ഇരു ബാങ്കുകളും കുട്ടികള്‍ക്ക് നല്‍കുന്നു. സ്‌കൂള്‍ പരിസരത്തു തന്നെ എ.ടി.എം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച് ബാങ്കുകള്‍ വിവിധ സ്‌കൂളുകളുമായി ചര്‍ച്ച നടത്തുന്നു.
കഴിഞ്ഞ മെയ്‌മാസത്തില്‍ കുട്ടികള്‍ക്കുളള അക്കൗണ്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. കുട്ടികള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ടായിരുന്നു ആര്‍ ബി ഐ യുടെ നടപടി. ഓവര്‍ഡ്രാഫ്‌റ്റ്, ക്രെഡിറ്റ് എന്നീ സൗകര്യങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നല്‍കില്ലെന്ന് ആര്‍ബിഐ അറിയിച്ചു.
https://www.facebook.com/Malayalivartha