നാളികേര ഉല്പന്നങ്ങള്‍ക്ക് വിപണിയില്‍ ആശ്വാസം
തേങ്ങാപ്പൊടി, തേങ്ങാപ്പാല്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, നീര ഷുഗര്‍ തുടങ്ങിയവയുടെ കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 20% വര്‍ധിച്ചുവെന്ന് നാളികേര വികസന ബോര്‍ഡിന്റെ കണക്ക് വ്യക്തമാക്കുന്നു. പ്രമുഖ ഉല്‍പാദന സംസ്ഥാനങ്ങളില്‍ മുഖ്യ വിളവെടുപ്പ് സീസണ്‍ ഇനിയും ആരംഭിച്ചിട്ടില്ലെന്നിരിക്കെ, അടുത്ത മാര്‍ച്ച് വരെ വന്‍ വിലയിടിച്ചിലിന് സാധ്യതയില്ലെന്നും കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലക്കുറവ് താല്‍ക്കാലികമാണെന്നുമാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. മില്ലിങ് കൊപ്രയുടെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ ക്വിന്റലിന് 30 രൂപ ഉയര്‍ത്തി 5550 രൂപയാക്കിയിട്ടുണ്ട്. ഉണ്ട കൊപ്രയ്ക്ക് 5830 രൂപയും. പക്ഷേ വിപണി വില 8800 രൂപയായതിനാല്‍ ഇതിനു തല്‍കാലം പ്രസക്തിയില്ല. വിപണിവില താങ്ങുവിലയെക്കാളും താഴുന്ന അവസരത്തിലാണ് സംഭരണം ആവശ്യമാകുന്നത്. വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില റെക്കോര്‍ഡ് തലത്തില്‍ നിന്ന് കുത്തനെ താഴോട്ടിറങ്ങി. ക്വിന്റലിന് 18000 രൂപ മറികടന്നേക്കുമെന്ന് കരുതിയിരുന്ന വെളിച്ചെണ്ണ 13100 രൂപയിലെത്തി. കൊപ്ര 11500 രൂപയില്‍ നിന്ന് 8825 രൂപയിലും. എന്നാല്‍ പച്ചത്തേങ്ങ കിലോഗ്രാമിന് 40 രൂപയ്ക്കടുത്ത് തുടരുന്നു. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള തേങ്ങ സംസ്‌കരണത്തിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്നതിനും അയല്‍ സംസ്ഥാനങ്ങളിലേക്ക് ധാരാളമായി കൊണ്ടുപോവുകയാണ്. മായം ചേര്‍ത്ത എണ്ണയുടെ ലഭ്യതയും പാമോയിലിന്റെ വിലക്കുറവും, പാചകാവശ്യത്തിന് വെളിച്ചെണ്ണയുടെ ഉപയോഗം സംസ്ഥാനത്ത് കുറച്ചു. പാമോയിലിന്റെ ചില്ലറ വില താണ് കിലോഗ്രാമിന് 65 രൂപയ്ക്കടുത്തായി. വിലക്കയറ്റം തടയാനെന്ന പേരില്‍ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കേന്ദ്ര സര്‍ക്കാര്‍ ഉദാരമാക്കിയിരിക്കുകയുമാണ്. കേരളത്തില്‍ നാളികേരത്തിന്റെ മുഖ്യവിളവെടുപ്പ് ഉടനെ ആരംഭിക്കുമെന്നിരിക്കെ, വിപണിയിലെ അനിശ്ചിതത്വം കൃഷിക്കാരെയും വ്യാപാരികളെയും അസ്വസ്ഥമാക്കുന്നു. നീരയുടെ ഉല്‍പാദനം വ്യാപകമാക്കുന്നതിന് എക്‌സൈസ് വകുപ്പ് സൃഷ്ടിക്കുന്ന തടസങ്ങള്‍ ഉല്‍പാദക സംഘങ്ങളെ വിഷമത്തിലാക്കുന്നുണ്ട്. മായം ചേര്‍ത്ത വെളിച്ചെണ്ണ സംസ്ഥാനത്ത് വിതരണം ചെയ്യുന്നതു തടയാന്‍ കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കും. ആധുനിക ലബോറട്ടറി സ്ഥാപിക്കുക, പരിശോധന കര്‍ശനമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അവര്‍ ഉന്നയിക്കുന്നു. ചില്ലറ വില്‍പന പൂര്‍ണമായും പായ്ക്കറ്റിലാക്കിയ വെളിച്ചെണ്ണയുടേതാകണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha