റബ്ബറിന് അന്താരാഷ്ട്ര, ആഭ്യന്തര വിപണികളില്‍ വിലത്തകര്‍ച്ച
റബ്ബറിന് അന്താരാഷ്ട്രവിപണിക്കൊപ്പം ആഭ്യന്തരവിപണിയിലും വില തകരുന്നു. നാലുദിവസത്തിനിടെ എട്ടുരൂപയാണ് കേരളത്തില്‍ വിലയിടിഞ്ഞത്.തായ്‌ലന്‍ഡ് രണ്ടുലക്ഷം ടണ്‍ റബ്ബര്‍ പൊതുവിപണിയിലേക്ക് വിടുന്നുവെന്ന പ്രഖ്യാപനവും ചൈനീസ് സാമ്പത്തികരംഗം മുരടിപ്പ് പ്രകടമാക്കിയതുമാണ് അന്താരാഷ്ട്രവില 10 രൂപയോളം കുറയാന്‍ കാരണം. ബാങ്കോക്ക് വിപണിയില്‍ നാലാംഗ്രേഡിന് ചൊവ്വാഴ്ച 122.94 രൂപയായിരുന്നു കിലോഗ്രാമിന് വില. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 22ന് കേരളത്തില്‍ നാലാംഗ്രേഡ് റബ്ബര്‍ കിലോഗ്രാമിന് 160 രൂപയായിരുന്നു. ഈവര്‍ഷം അത് 138 ആയി.
ഓഫ്‌സീസണില്‍ റബ്ബര്‍വില ഉയരുമെന്നുകരുതി സ്റ്റോക്ക് വച്ചവരും ഇക്കുറി വെട്ടിലായി. സീസണിലെക്കാള്‍ വില കുറയുകയാണുണ്ടായത്. കിലോഗ്രാമിന് 171 രൂപ വില വരുംവരെ വിപണിവിലെയക്കാള്‍ രണ്ടുരൂപവീതം പ്രതിദിനം കൂട്ടി റബ്ബര്‍ സംഭരിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമവും പാളി. വേണ്ടത്ര ഫണ്ടനുവദിക്കാത്തതും കൂടിയതോതില്‍ സംഭരിക്കാനാവാത്തതുമാണ് കാരണം. നാമമാത്രമായ സംഭരണം വിപണിയില്‍ യാതൊരു മെച്ചവുമുണ്ടാക്കിയില്ല.
ഇതിനിടെ 10,000 ടണ്‍പോലും വാങ്ങാത്ത 'സംഭരണം' പാഴ്വേലയായി. മാര്‍ച്ചില്‍മാത്രം 25,860 ടണ്‍ റബ്ബറാണ് ഇറക്കുമതിചെയ്തത്. ക്രംബ് രൂപത്തിലാണ് ഇപ്പോള്‍ കൂടുതലായും ഇറക്കുമതി നടക്കുന്നത്. ഷീറ്റ്, ലാറ്റക്‌സ് രൂപത്തിലും ഇറക്കുമതിയുണ്ട്. ഇറക്കുമതിനിയന്ത്രണംകൊണ്ടുമാത്രം ആഭ്യന്തരവില ഉയര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണിപ്പോള്‍.
https://www.facebook.com/Malayalivartha