മള്‍ട്ടിപ്ലെക്‌സുകളിലെ ഭക്ഷണനിയന്ത്രണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് അതിവേഗം വളരുന്ന ഒന്നാണ് മള്‍ട്ടിപ്ലെക്‌സ് മേഖല. സിനിമയില്‍നിന്നും ലഭിക്കുന്ന വരുമാനത്തിനൊപ്പം തിയറ്ററുകള്‍ക്ക് അധികനേട്ടം നല്കുന്നത് പോപ്‌കോണ്‍ പോലുള്ള ഭക്ഷണങ്ങളും പാനീയങ്ങളുമാണ്. മള്‍ട്ടിപ്ലെക്‌സുകളില്‍ ഫുഡ് ആന്‍ഡ് ബിവറേജസ് വിഭാഗത്തില്‍നിന്നുള്ള വരുമാനം 25 ശതമാനം വരും. അതുകൊണ്ടുതന്നെ അതിവേഗം വളരുന്ന ഈ വിനോദമേഖല പുറത്തുനിന്നുള്ള ഭക്ഷണം തിയറ്ററുകളില്‍ കയറ്റുന്നത് വിലക്കുകയും ചെയ്യുന്നു. എന്നാല്‍, അടുത്തിടെയുള്ള കോടതി നിരീക്ഷണങ്ങളും വിധികളും തിയറ്ററുകളുടെ ഈ കൊള്ളയ്ക്ക് തടയിടുന്നതാണ്. മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകളില്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന് പുറത്തു വില്ക്കുന്ന വിലയേ ഈടാക്കാനാവൂ എന്നാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതുകൂടാതെ, പുറത്തുനിന്നുള്ള ഭക്ഷണം വിലക്കുന്ന തിയറ്ററുകള്‍ക്കെതിരേ 1966ലെ മഹാരാഷ്ട്ര സിനിമാസ് (റെഗുലേഷന്‍) റൂള്‍സ് പ്രകാരം നടപടിയെടുക്കുമെന്ന് വെള്ളിയാഴ്ച സിവില്‍ സപ്ലൈസ് മന്ത്രി രവീന്ദ്ര ചവാന്‍ അറിയിച്ചു. ഒരു ഉത്പന്നത്തിന് വ്യത്യസ്ത പരമാവധി വില്പനവില (എംആര്‍പി) പതിക്കുന്നത് ഓഗസ്റ്റ് ഒന്നു മുതല്‍ ശിക്ഷാര്‍ഹമാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഫുഡ് ആന്‍ഡ് ബിവറേജസില്‍ മള്‍ട്ടിപ്ലെക്‌സുകളുടെ ലാഭം 19 ശതമാനത്തില്‍നിന്ന് 25 26 ശതമാനമായി ഉയര്‍ന്നു. ടിക്കറ്റുകളില്‍ നിന്നുള്ള വരുമാനമാകട്ടെ 56 ശതമാനത്തില്‍നിന്ന് 62 ശതമാനമായി.
മള്‍ട്ടിപ്ലെക്‌സിന് പുറത്ത് വില്‍ക്കുന്ന എം ആര്‍ പിയില്‍ ഭക്ഷണങ്ങള്‍ തിയറ്ററിനുള്ളില്‍ വില്ക്കാനോ, തിയറ്ററിനുള്ളില്‍ പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍ അനുവദിക്കാനോ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചാല്‍ വരും മാസങ്ങളില്‍ തിയറ്റര്‍ മേഖലയുടെ വളര്‍ച്ച കുറയും. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ രാജ്യത്തെ പ്രധാന മള്‍ട്ടിപ്ലെക്‌സുകളുടെ ഓഹരികള്‍ വെള്ളിയാഴ്ച ഇടിഞ്ഞു.
ആഗോള പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായി കഷ്മാന്‍ ആന്‍ഡ് വേക്ഫീല്‍ഡിന്റെ റിപ്പോര്‍ട്ടനുസരിച്ച്, 2017 18 സാമ്പത്തിവര്‍ഷം പി വി ആര്‍ സിനിമാസിനും ഇനോക്‌സ് ലീസറിനും യഥാക്രമം 625ഉം 476ഉം സ്‌ക്രീനുകളുണ്ട്. 2011 12 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് ഇരുകമ്പനികളും യഥാക്രമം 150ഉം 63ഉം സ്‌ക്രീനുകളാണ് അധികമായി ചേര്‍ത്തത്.
https://www.facebook.com/Malayalivartha