പ്രളയക്കെടുതി: ഓണവിപണിയെ ബാധിക്കുമെന്ന് വ്യാപാരികള്‍ക്ക് ആശങ്ക
ജിഎസ്ടി ഇളവുകളുടെ പിന്‍ബലത്തില്‍ ഓണവിപണിയിലെ മാന്ദ്യം മറികടക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന കേരളത്തിലെ വ്യാപാരികളെ ആശങ്കയിലാഴ്ത്തി പ്രളയക്കെടുതി. എന്നാല്‍ ഇത് താല്‍ക്കാലികമാണെന്നും മെച്ചപ്പെട്ട രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ ജനജീവിതം സാധാരണ ഗതിയിലേയ്ക്ക് തിരിച്ചെത്തുന്നതിലൂടെ വിപണിയും സജീവമാകുമെന്നുമാണ് പ്രതീക്ഷ.
ഇലക്ട്രോണിക്്‌സ് വിപണി ഏറ്റവും സജീവമായിരിക്കുന്ന കേരളത്തിലെ മലബാര്‍ മേഖലയിലാണ് കാലവര്‍ഷം ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചിരിക്കുന്നത്. ഗൃഹോപകരണങ്ങള്‍, വസ്ത്ര വ്യാപാരം, അവശ്യവസ്തുക്കളുടെ വിപണി തുടങ്ങി എല്ലാ മേഖലകളിലും ഇപ്പോള്‍ത്തന്നെ ഇടിവ് പ്രകടമായിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഓണ വില്പനയില്‍ ഇപ്പോള്‍ത്തന്നെ 40 ശതമാനം കുറവ് അനുഭവപ്പെടുന്നുണ്ട.് കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഉണ്ടായിരുന്ന തിരക്ക് ഇപ്പോഴില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജൂലൈയില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, 26 ഇഞ്ചില്‍ താഴെയുള്ള ടിവി എന്നിവയുടെ ജിഎസ്ടി 28 ല്‍ നിന്ന് 18 ശതമാനമായി കുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുമൂലം വൈറ്റ് ഗുഡ്‌സ് മേഖലയ്ക്ക് ഓണ വിപണിയില്‍ ഉണ്ടായേക്കാമായിരുന്ന നേട്ടമാണ് കനത്ത മഴ മൂലം ഇല്ലാതാകുന്നത്.
കനത്ത മഴയെത്തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണ്. ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും തയ്യാറകുന്നില്ല. ടൗണില്‍ നിന്നുള്ള ഉപഭോക്താക്കള്‍ മാത്രമേ ഇപ്പോള്‍ വരുന്നുള്ളൂ. പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളുടെ വരവ് കുറഞ്ഞു. അതുകൊണ്ട് രണ്ട് മൂന്ന് ദിവസം കൊണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 35 ശതമാനത്തോളം വില്പനയില്‍ കുറവ് വന്നിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ലോറികളുടെ വരവ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം സാധാരണ ഗതിയിലാകുമെന്നാണ് പ്രതീക്ഷയിലാണ് വ്യാപാരികള്‍.
കാലാവസ്ഥ മാറിയെങ്കില്‍ മാത്രമേ ബിസിനസും മെച്ചപ്പെടുകയുള്ളൂ. ഒരാഴ്ച്ചക്കകം കാലാവസ്ഥയില്‍ മാറ്റം വന്നില്ലെങ്കില്‍ സ്വാഭാവികമായും വിപണി വില്പനയിലും ഇടിവുണ്ടാകും.
https://www.facebook.com/Malayalivartha