വെള്ളപ്പൊക്കത്തില്‍ മുങ്ങിയത് പതിനായിരത്തിലേറെ വാഹനങ്ങള്‍; ഇന്‍ഷുറന്‍സ് ക്ലെയിം 1000 കോടിയിലധികം
സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയത്തില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇത്തരത്തില്‍ സംസ്ഥാനത്ത് വാഹന ഇന്‍ഷുറന്‍സ് ക്ലെയിം ഇനത്തില്‍ 1000 കോടി രൂപ കടക്കുമെന്നാണ് കരുതുന്നത്. വരും ദിവസങ്ങളില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിന് രജിസ്റ്റര്‍ നടപടികള്‍ക്കായി വിവിധ ഓഫീസുകളിലേക്ക് നിരവധി വാഹന ഉടമകള്‍ ഒഴുകി എത്തുമെന്നാണ് കണക്കാക്കുന്നത്.
വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയതിനാല്‍ ഉപയോഗിക്കാനാവാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ക്ലെയിം സമര്‍പ്പിക്കണമെന്ന് റിപ്പോര്‍ട്ട്. ചെന്നൈയില്‍ പ്രളയമുണ്ടായ സമയത്ത് ഇന്‍ഷൂറന്‍സ് ക്ലെയിം വൈകി സമര്‍പ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പലര്‍ക്കും ക്ലെയിം നിഷേധിക്കപ്പെട്ടിരുന്നു.
എഞ്ചിനില്‍ വെള്ളം കയറിയ വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണ്. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇതില്‍ മാറ്റം വരുത്തുമോ എന്നത് സംബന്ധിച്ച് ഇതുവരേയും അറിയിപ്പുകള്‍ വന്നിട്ടില്ല. അതേസമയം മണ്ണിടിഞ്ഞും, മരം മറിഞ്ഞു വീണും വാഹനങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തില്‍ അപകടം സംഭവിച്ചാലും ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാന്‍ സാധിക്കും.
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് 10,000 വാഹന ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. ഇതില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുക എറണാകുളം ജില്ലയില്‍ നിന്നായിരിക്കും. എറണാകുളത്ത് മാത്രമായി 5000 വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്്. ഇവിടെ നിന്നും 400 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച മാത്രം എറണാകുളം ജില്ലയില്‍ കേടുപാടുകള്‍ സംഭവിച്ച 1000 വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനായി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു.
ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനുള്ള ഇന്റിമേഷന്‍ ലെറ്റര്‍ ഇന്‍ഷൂറന്‍സ് ഓഫീസുകളില്‍ ലഭ്യമാണ്. അത് വാങ്ങി പൂരിപ്പിച്ച് നല്‍കുക. അപ്പോള്‍ ലഭിക്കുന്ന ക്ലെയിം ഫോം, ആര്‍സി ബുക്കിന്റെ പകര്‍പ്പിനൊപ്പം ഇന്‍ഷൂറന്‍സ് കോപ്പിയും ചേര്‍ത്ത് വാഹനം അംഗീകൃത സര്‍വ്വീസ് സെന്ററില്‍ എത്തിക്കണം.
വെള്ളക്കെട്ടില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് പ്രവര്‍ത്തിക്കാതെ ഇരിക്കുന്ന വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുതെന്നും വര്‍ക്‌ഷോപ്പിലെത്തിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഓട്ടോ മൊബൈല്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha