സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയെ പിന്‍തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്
നോട്ട് നിരോധനത്തിന്റെയും ജിഎസ്ടി നടപ്പാക്കിയതിന്റെയും ഭാഗമായുണ്ടായ ക്ഷീണം മറികടക്കാന്‍ വിവിധ മേഖലകള്‍ക്ക് കഴിഞ്ഞതോടെ സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്. ഏപ്രില്‍– ജൂണ്‍ ത്രൈമാസത്തില്‍ ചൈന 6.7% വളര്‍ച്ച നേടിയപ്പോഴാണ് ഇന്ത്യയ്ക്ക് 8.2% വളര്‍ച്ച നേടാനായത്്. ജിഎസ്ടി നടപ്പാക്കുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളായിരുന്നതിനാല്‍ 2017 ഏപ്രില്‍–ജൂണ്‍ കാലയളവില്‍ വ്യാവസായിക ഉല്‍പാദനവും വാണിജ്യ പ്രവര്‍ത്തനങ്ങളും താരതമ്യേന കുറവായിരുന്നു. അത്തവണ വളര്‍ച്ച 5.6% മാത്രമാണ് രേഖപ്പെടുത്തിയത്.
2018–19 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ പാദത്തില്‍ സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നത് 7.5 മുതല്‍ 7.6 ശതമാനം വരെ വളര്‍ച്ച ലഭിക്കുമെന്നാണ്. 2015–16 അവസാനപാദത്തില്‍ 9.2% വളര്‍ച്ച രേഖപ്പെടുത്തിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്്. മൊത്തം ആഭ്യന്തര ഉല്‍പന്നം (ജിഡിപി) 8.2% വളര്‍ന്നപ്പോള്‍ നികുതി ഒഴിവാക്കിയുള്ള കണക്കായ ഗ്രോസ് വാല്യുആഡഡ് (ജിവിഎ) 8% വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കൊല്ലം ജനുവരി–മാര്‍ച്ച് പാദത്തിലെ വളര്‍ച്ച 7.7% ആണ്.
നടപ്പുസാമ്പത്തിക വര്‍ഷം ഏഴു ശതമാനത്തിലേറെ വളര്‍ച്ച നേടിയത് ഉല്‍പ്പാദനം, വൈദ്യുതി, വാതകം, ജലവിതരണവും ബന്ധപ്പെട്ട സേവനങ്ങളും, കെട്ടിട നിര്‍മ്മാണം, പൊതുഭരണം, പ്രതിരോധം മറ്റു സേവനങ്ങള്‍ തുടങ്ങിയവയാണ്. വ്യാപാരം, ഹോട്ടല്‍, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകള്‍ 6.7 ശതമാനവും കൃഷി, വനവല്‍ക്കരണം, മത്സ്യബന്ധനം എന്നിവ 5.3 ശതമാനവും ധനകാര്യം, റിയല്‍ എസ്‌റ്റേറ്റ്, പ്രഫഷണല്‍ സേവനങ്ങള്‍ എന്നിവ 6.5 ശതമാനം വളര്‍ച്ച നേടി. തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സര്‍ക്കാരിന് തികച്ചും ആത്മവിശ്വാസം പകരുന്ന വളര്‍ച്ചാ നിരക്കാണിത്.
സമ്പദ്‌വ്യവസ്ഥയുടെ വലുപ്പത്തില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിനെ പിന്നിലാക്കി ലോകത്തെ ആറാമത്തെ വലിയ ശക്തിയായിരുന്നു. വൈകാതെ ബ്രിട്ടനെയും പിന്തള്ളാന്‍ ഇന്ത്യയ്ക്കാകുമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha