സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, സാധാരണക്കാരന്റെ ജീവിതം താറുമാറാകുന്നു
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും കുതിപ്പ് തുടരുന്നു. ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില. ഈ മാസം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാന്‍ കാരണമാകുന്നത്. പെട്രോള്‍ ഒരു ലിറ്ററിന് 19.48 രൂപയും ഡീസല്‍ ലിറ്ററിന് 15.33 രൂപയും കേന്ദ്രം എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നുണ്ട്.
കേരളത്തില്‍ പെട്രോള്‍ വില്പനയ്ക്ക് ഈടാക്കുന്ന വാറ്റ് 30.11 ശതമാനമാണ്. ഡീസലിന് 22.77 ശതമാനം വാറ്റ് നല്കണം. മേയ് 31നു നിരക്ക് കുറച്ചശേഷമുള്ളതാണ് ഈ നികുതി. നേരത്തേ പെട്രോളിന് 31.8ഉം ഡീസലിന് 24.52ഉം ശതമാനമായിരുന്നു നികുതി. കഴിഞ്ഞവര്‍ഷം കേന്ദ്രത്തിനു പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയായി 2,29,019 കോടി രൂപ കിട്ടി. 2014-15 ല്‍ ഇതു 99,184 കോടി മാത്രമായിരുന്നു. ഇതേ കാലയളവില്‍ സംസ്ഥാനങ്ങള്‍ക്കു പെട്രോളിയത്തില്‍നിന്നുള്ള വാറ്റ് വരവ് 1.37 ലക്ഷം കോടിയില്‍നിന്ന് 1.84 ലക്ഷം കോടിയായി.
https://www.facebook.com/Malayalivartha