സാമ്പത്തിക അവലോകന യോഗത്തില്‍ പ്രതീക്ഷയോടെ രാജ്യം, അഞ്ച് മുഖ്യ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു
രാജ്യം കടന്നുപോകുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സാമ്പത്തിക അവലോകന യോഗത്തില്‍ അഞ്ച് മുഖ്യ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടുവെങ്കിലും അവ പിന്നീടേ പ്രഖ്യാപിക്കുകയുള്ളൂ.
പണപ്പെരുപ്പത്തെ പ്രതികൂലമായി ബാധിക്കുന്ന മാക്രോ ഇക്കണോമിക് വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളെ കുറിച്ചും പ്രത്യേക സാമ്പത്തിക അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് സാധ്യത. രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ധന വില വര്‍ദ്ധനയും കറന്റ് അക്കൗണ്ട് കമ്മിയും അവലോകന യോഗത്തില്‍ ചര്‍ച്ചയാവും.
ഇപ്പോഴെടുത്ത തീരുമാനങ്ങള്‍ അടവുശിഷ്ട നില കുറയ്ക്കാനുള്ളവയാണ്. അവശ്യം വേണ്ട സാധനങ്ങള്‍ ഒഴികെയുള്ളവയുടെ ഇറക്കുമതി വേണ്ടെന്ന് വയ്ക്കാന്‍ യോഗം തീരുമാനിച്ചു, ഒപ്പം കയറ്റുമതി വര്‍ദ്ധിപ്പിക്കാനുള്ള നടപടികളും കൈക്കൊള്ളും. എണ്ണവില കൂടുന്നതും രൂപയുടെ വില ഇടിയുന്നതുമാണ് പ്രധാന പ്രശ്‌നങ്ങളെന്ന് യോഗത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഇനിയും ചര്‍ച്ച ഉണ്ടാകും.
അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തു നിന്നു വാങ്ങുന്ന വാണിജ്യ വായ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഉല്‍പന്നനിര്‍മാണ മേഖലയില്‍ ഉള്ളവര്‍ക്ക് ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയായാല്‍ 50 ദശലക്ഷം ഡോളറിന്റെ വിദേശ വായ്പ സ്വീകരിക്കാനുള്ള സാഹചര്യം ഒരുക്കും.
2019 സാമ്പത്തിക വര്‍ഷത്തില്‍ പുറപ്പെടുവിക്കുന്ന മസാല ബോണ്ടുകളെ വിത്ത്‌ഹോള്‍ഡിങ് നിതിയില്‍ നിന്ന് ഒഴിവാക്കും. നാല് ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മസാല ബോണ്ടുകളുടെ വിപണനത്തിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു.
രൂപയുടെ മൂല്യം നിരന്തരം ഇടിയുകയാണ്. ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 72.91 രൂപ എന്ന നിലയിലേക്ക് വരെ ഇടിഞ്ഞിരുന്നു. ഇന്നത്തെ അവലോകന യോഗത്തെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സാമ്പത്തിക രംഗം വീക്ഷിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിനും ഇന്ധന വില നിയന്ത്രിക്കാനും യോഗത്തോടെ ശക്തമായ ഇടപെടലുണ്ടായേക്കുമെന്നാണ് നിരീക്ഷരുടെ പക്ഷം,
അനുകൂല നടപടികള്‍ പ്രതീക്ഷിച്ച് രൂപയും ഓഹരികളും ഇന്നലെ കയറി. ഡോളറിനെതിരേ രൂപയുടെ വിനിമയനിരക്ക് 34 പൈസ നേട്ടത്തില്‍ 71.85 രൂപയായി. ഒരവസരത്തില്‍ 71.52 രൂപവരെ ഡോളര്‍ താണതാണ്. രണ്ടു ദിവസംകൊണ്ട് രൂപയുടെ വിനിമയനിരക്കില്‍ 84 പൈസ നേട്ടമുണ്ടായി.
https://www.facebook.com/Malayalivartha