പി.എഫ്. പെന്‍ഷന്‍ പരിധി 60 വയസ്സാക്കുന്നു
പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) പെന്‍ഷന്‍ പരിധി 60 വയസ്സായി ഉയര്‍ത്താന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) ഒരുങ്ങുന്നു. ഇ.പി.എഫ്.ഒ.യുടെ അപ്പെക്‌സ് ബോഡിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം ചേര്‍ന്ന് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളും.
എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം (ഇ.പി.എസ്.) പ്രകാരം നിലവില്‍ 58 വയസ്സ് പൂര്‍ത്തിയായാല്‍ പെന്‍ഷന്‍ കിട്ടാന്‍ അര്‍ഹതയുണ്ട്. രണ്ട് വര്‍ഷം കൂടി പി.എഫ്. ഫണ്ടിലേക്ക് നിക്ഷേപിക്കാം എന്നതിനാല്‍, പെന്‍ഷന്‍ തുക വര്‍ധിക്കും. ഇതുവഴി പെന്‍ഷന്‍ ഫണ്ടിലെ 27,067 കോടി രൂപയുടെ കുറവ് നികത്താന്‍ കഴിയും. കുറഞ്ഞ സര്‍വീസ് ഉള്ളവരുടെ പ്രായപരിധി 50 വയസ്സില്‍ നിന്ന് 55 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്. ഈയിനത്തില്‍ 12,028 കോടി രൂപയുടെ കുറവ് നികത്താമെന്നാണ് കണക്കാക്കുന്നത്.
പ്രമുഖ കമ്പനികള്‍ പലതും അവരുടെ ജീവനക്കാരെ ഇ.പി.എഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ വിവിധ കമ്പനികളുടേതായി അഞ്ച് കോടിയിലധികം പേരാണ് ഇ.പി.എഫ്. പരിധിയിലുള്ളത്. മൊത്തം 6.5 ലക്ഷം കോടി രൂപയുടെ ആസ്തി ഇ.പി.എഫ്.ഒ. കൈകാര്യം ചെയ്യുന്നുണ്ട്. ഈ ഫണ്ട് മാനേജ് ചെയ്യുന്നതിനായി ഫണ്ട് മാനേജര്‍മാരെ നിയോഗിക്കാനും പദ്ധതിയുണ്ട്. ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസ്, റിലയന്‍സ് കാപിറ്റല്‍, എച്ച്.എസ്.ബി.സി. എന്നിവ ഉള്‍പ്പെടെ ആറ് അസറ്റ് മാനേജ്‌മെന്റ് കമ്പനികളാണ് ഇതിനായി രംഗത്തുള്ളത്. എസ്.ബി.ഐ.യും രംഗത്തുണ്ട്. യു.ടി.ഐ., ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍, ബിര്‍ള സണ്‍ ലൈഫ് എന്നീ കമ്പനികളെയും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha