സാധാരണക്കാർക്ക് ആശ്വാസമായി എസ് ബി ഐ വായ്പാ പലിശ നിരക്ക് വീണ്ടും കുറച്ചു...ഇനി പലിശ 7.80 % മാത്രം
സാധാരണക്കാർക്ക് ആശ്വാസമായി എസ് ബി ഐ വായ്പാ പലിശ നിരക്ക് വീണ്ടും കുറച്ചു. പുതുക്കിയ നിരക്കു പ്രകാരം 8.05 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായാണ് പലിശ കുറച്ചിരിക്കുന്നത്. എക്‌സ്റ്റേണല്‍ ബഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ കാല്‍ശതമാനമാണ് കുറവ് .ഇതിനു ആനുപാതികമായി ഇ എം ഐയില്‍ ഇളവു വരും.
ഇതുപ്രകാരം പുതുതായി ഭവന വായ്പ എടുക്കുന്നവര്‍ക്ക് 7.9 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമാകും. നേരത്തേ, ഇത് 8.15 ശതമാനമായിരുന്നു. ആര്‍ബിഐ റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ പണവായ്പ നയം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വായ്പാ നിരക്കില്‍ മാറ്റം വരുത്തുന്നത്. പുതിയ പലിശ നിരക്കുകള്‍ 2020 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ തീരുമാനത്തോടെ നിലവിലുള്ള ഭവന വായ്പ ഉപഭോക്താക്കള്‍ക്കും ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള നിരക്കുമായി ബന്ധപ്പെടുത്തി വായ്പകള്‍ നേടിയ എംഎസ്എംഇ വായ്പക്കാര്‍ക്കും പലിശ നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവുണ്ടാകും.
പുതിയ വീട് വാങ്ങുന്നവര്‍ക്ക് പ്രതിവര്‍ഷം 7.90 ശതമാനം മുതല്‍ പലിശ നിരക്കില്‍ വായ്പ ലഭിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ അറിയിച്ചു. ഇപ്പോഴത്തെ നിരക്ക് 8.15 ശതമാനമാണ്.
ഡിസംബറിലെ പണവായ്പ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതിനു പിന്നാലെ ഇതാദ്യമായാണ് ഒരു ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത്. എസ്ബിഐയുടെ ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക്, ആര്‍ബിഐയുടെ റിപ്പോ നിരക്കുമായി (നിലവില്‍ 5.15%) ബന്ധിപ്പിച്ചിരിക്കുന്നു.
നിരക്ക് കുറയ്ക്കുന്നതിനനുസരിച്ച് സുതാര്യമായ രീതിയില്‍ ബാങ്കുകള്‍ പലിശ നിരക്കുകള്‍ പരിഷ്‌കരിക്കണമെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ വര്‍ഷം ഇതുവരെ റിപ്പോനിരക്കില്‍ 1.35 ശതമാനമാണ് റിസര്‍വ് ബാങ്ക് കുറവുവരുത്തിയത്. എന്നാല്‍ ബാങ്കുകളാകട്ടെ പുതിയ വായ്പകള്‍ക്ക് 0.44 ശതമാനം മാത്രമേ ഇതുവരെ പലിശ കുറച്ചിരുന്നുള്ളൂ.
നാല് ബാഹ്യ മാനദണ്ഡങ്ങള്‍(എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക്)അടിസ്ഥാനമാക്കി പലിശ നിശ്ചയിക്കാന്‍ 2019 ഒക്ടോബറിലാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന റിപ്പോ നിരക്ക്, സര്‍ക്കാരിന്റെ മൂന്ന് മാസകാലാവധിയുള്ള ട്രഷറി ബില്ലില്‍നിന്നുള്ള ആദായം, ഇന്ത്യാ ഗവണ്‍മെന്റിന്റെ ആറ് മാസ കാലാവധിയുള്ള ട്രഷറി ബില്ലില്‍നിന്നുള്ള ആദായം (ഫിനാന്‍ഷ്യല്‍ ബെഞ്ച്മാര്‍ക്ക്സ് ഇന്ത്യ(എഫ്ബിഐഎല്‍) പ്രൈവറ്റ് ലിമിറ്റഡാണ് ട്രഷറി ബില്ലില്‍നിന്നുള്ള ആദായം പുറത്തുവിടുന്നത്), എഫ്ബിഐഎല്‍ പുറത്തുവിടുന്ന മറ്റ് ബെഞ്ച് മാര്‍ക്കറ്റ് പലിശ നിരക്ക് എന്നിവയാണിവ. ഭൂരിഭാഗം ബാങ്കുകള്‍ റിപ്പോ നിരക്കുമായി പലിശ നിരക്ക് ബന്ധിപ്പിച്ചിരുന്നു
https://www.facebook.com/Malayalivartha