സര്‍ക്കാരിന്റെ സാമ്പത്തിക നടപടികള്‍ ഫലം കണ്ടില്ല; രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഏറ്റവും കുറഞ്ഞ നിരക്കില്‍
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കില്‍ രാജ്യം. 2012-13 വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് വെറും അഞ്ചു ശതമാനം മാത്രമാണെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കില്‍ വ്യക്തമാകുന്നു. മാര്‍ച്ച് 31ന് അവസാനിച്ച അവസാന പാദത്തിലെ മൊത്തം ആഭ്യന്തര ഉല്‍പാദനം 4.8 ശതമാനം മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇക്കാലയളവില്‍ നിര്‍മാണ മേഖലയിലെ വളര്‍ച്ച 2.6 ശതമാനമാണ്. വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള സര്‍ക്കാരിന്റെയും ധനമന്ത്രാലയത്തിന്റെയും നീക്കങ്ങള്‍ ഫലവത്തായില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ചിദംബരം ധനമന്ത്രിയായി ചുമതലയേറ്റെടുത്തതിനു ശേഷം വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ചില നടപടികള്‍ സ്വീകരിച്ചെങ്കിലും ഇതൊന്നും വളര്‍ച്ചയ്‌ക്ക് കാരണമായില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ സമയം 5.1 ശതമാനമായിരുന്നു രാജ്യത്തെ വളര്‍ച്ചാ നിരക്ക്. ഈ വര്‍ഷം 5.7 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. വളര്‍ച്ചാ നിരക്ക് കുറഞ്ഞുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് ആഭ്യന്തര ഓഹരി വിപണിയും നഷ്ടത്തിലായി. വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. വെള്ളിയാഴ്ച രാവിലെ ഇടിവ് നേരിട്ട രൂപ 56.58 എന്ന നിലയിലാണ് വ്യപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha