ഭവനവായ്പാ നിരക്ക് കുറച്ച് ആക്‌സിസ്, ഐസിഐസിഐ
ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയും വായ്പാ സ്ഥാപനങ്ങളായ ഡിഎച്ച്എഫ്എല്‍, ഇന്ത്യാ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, സുന്ദരം ബിഎന്‍പി പാരിബ എന്നിവയും ഭവന വായ്പയുടെ പലിശനിരക്കു കുറച്ചു. ഐസിഐസിഐ ബാങ്ക് നിരക്ക് 0.25% ആണു കുറച്ചത്. വനിതകള്‍ക്കും സാമ്പത്തിക പിന്നാക്ക വിഭാഗത്തില്‍പെടുന്നവര്‍ക്കും 9.85% പലിശ നിരക്കില്‍ ഇനി ഭവന വായ്പ ലഭിക്കും. മറ്റുള്ളവര്‍ക്ക് 9.9% ആണു നിരക്ക്. നിലവിലുള്ള ഉപയോക്താക്കള്‍ക്കും 0.25% ഇളവ് ബാധകമാണെന്ന് ബാങ്ക് അറിയിച്ചു. ആക്‌സിസ് ബാങ്കിന്റെ പുതിയ നിരക്ക് 9.95% ആണ്. നിലവിലുള്ളതിനെക്കാള്‍ 0.20% കുറവ്.
എച്ച്ഡിഎഫ്‌സി ഭവന വായ്പാ നിരക്ക് 0.20% കുറച്ച് 9.9% ആക്കിയതിനു പിന്നാലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നിരക്കു കുറച്ചതാണ് ഭവന വായ്പാ രംഗത്ത് \'കുറയ്ക്കല്‍ തരംഗത്തിനു വഴിയൊരുക്കിയത്. എച്ച്ഡിഎഫ്‌സിയുടെ ഇളവ് നിലവിലുള്ള ഉപയോക്താക്കള്‍ക്കും ബാധകമാകുമ്പോള്‍ എസ്ബിഐ പുതിയ ഉപയോക്താക്കള്‍ക്കേ പുതിയ നിരക്ക് (9.9%, സ്ത്രീകള്‍ക്ക് 9.85%) ബാധകമാക്കിയിട്ടുള്ളൂ.
ഡിഎച്ച്എഫ്എല്‍ 0.25%, ഇന്ത്യ ബുള്‍സ് 0.20%, സുന്ദരം ഫിനാന്‍സ് 0.20% എന്നിങ്ങനെ നിരക്കുകള്‍ കുറച്ചു. 9.9% -9.95 നിലവാരത്തിലാണിപ്പോള്‍ നിരക്കുകള്‍. കോടക് മഹീന്ദ്ര ബാങ്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് (ബേസ് റേറ്റ്) 9.85% ആക്കി. നിലവിലുള്ളതിനെക്കാള്‍ 0.15% കുറവാണിത്. നിലവിലുള്ള ഉപയോക്താക്കള്‍ക്കും ഇളവു ലഭിക്കും.
https://www.facebook.com/Malayalivartha