ഋഷിരാജ് സിംഗിന്റെ പുതിയ പരിഷ്‌കരണം, ആര്‍സി ബുക്കില്‍ ഇനിമുതല്‍ ഫോട്ടോയും
വാഹന മോഷണവും തട്ടിപ്പുകളും കൊണ്ട് വലയുന്ന ഈ നാട്ടില്‍ ഋഷിരാജ് സിംഗിന്റെ പുതിയ പരിഷ്‌കരണം. ആര്‍.സി. ബുക്കില്‍ ഉടമയുടെ ചിത്രം ഉള്‍പ്പെടുത്തുന്നു. ജൂലായ് ഒന്ന് മുതല്‍ പരിഷ്‌കാരം നിലവില്‍വരും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റ ഋഷിരാജ് സിംഗ് ജൂണ്‍ 15നാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. വാഹനങ്ങളുടെ യഥാര്‍ഥ ഉടമയെ കണ്ടെത്താന്‍ എളുപ്പവഴി എന്ന നിലയിലാണ് ഉടമയുടെ ഫോട്ടോ ആര്‍.സി. ബുക്കില്‍ ചേര്‍ക്കുന്നത്. വാഹനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍ പുതിയ ഉടമയുടെ ചിത്രം ഉള്‍പ്പെടുത്തി ആര്‍.സി. ബുക്ക് എടുക്കണം. പെര്‍മിറ്റുകളിലും ഉടമയുടെ ചിത്രം ചേര്‍ക്കും.
വാഹനങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉടമയുടെ ചിത്രം സ്‌കാന്‍ചെയ്ത് ചേര്‍ക്കണം. ഡീലര്‍ക്കൊ ഉടമയ്ക്ക് സ്വന്തമായൊ ഇത് ചെയ്യാം. ആര്‍.ടി. ഓഫീസില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉടമയുടെ രണ്ട് ചിത്രങ്ങള്‍ നല്‍കണം. ഉദ്യോഗസ്ഥര്‍ ഇത്‌സ്‌കാന്‍ ചെയ്ത് ആര്‍.സി.ബുക്ക് തയ്യാറാക്കും. നിലവില്‍ വാഹനഉടമയുടെ ഒപ്പ് ആര്‍.സി.ബുക്കില്‍ ചേര്‍ക്കുന്നുണ്ട്. ചിത്രംകൂടി ഉള്‍പ്പെടുത്താനാണ് സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിക്കുന്നത്. ആര്‍.ടി.ഓഫീസുകളിലെ സോഫ്റ്റ്‌വെയര്‍ ഇതിനായി പരിഷ്‌കരിക്കുന്നതുവരെ ആര്‍.സി. ബുക്കുകളുടെ വിതരണം നിര്‍ത്തിവയ്ക്കും.
https://www.facebook.com/Malayalivartha