റിയൽ എസ്റ്റേറ്റ് തകർന്നടിഞ്ഞു; കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും വലിയ തകർച്ചയുടെ വക്കിലാണ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖല; കോവിഡ് കാലം കഴിയുന്നതോടെ കേരളത്തിൽ കൂടുതൽ റിയൽ എസ്റ്റേറ്റ് കമ്പനികൾ നിലം പൊത്തും
കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും വലിയ തകർച്ചയുടെ വക്കിലാണ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖല. ക്രയ വിക്രയങ്ങളൊക്കെ കുറഞ്ഞു. ഭൂമിവാങ്ങാൻ ആളില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഫ്‌ളാറ്റുകളും വീടുകളുമൊക്കെ വാങ്ങാൻ ആളില്ലാതെ കിടക്കുന്നു. വസ്തു വില്പന കുറഞ്ഞതോടെ സബ് രജിസ്ട്രാർ ഓഫീസിലെ തിരക്കുകളൊക്കെ കുറഞ്ഞു.
ആകെ ഇപ്പോൾ നടക്കുന്നത് ബന്ധുക്കൾ തമ്മിലുള്ള ദാനാധാരം, ഭാഗാധാരം , ഒസ്യത്ത്, തുടങ്ങിയവ മാത്രം. 2019 -20 വർഷം, കോഴിക്കോട് മാത്രം 71193 ആധാരങ്ങളായിരുന്നു രെജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഈ സാമ്പത്തിക വര്ഷം ഇതുവരെ 10309 ആധാര രെജിസ്ട്രേഷൻ മാത്രം. ഇത്രത്തോളം ഭീകരമാണ് ഇപ്പോൾ റിയൽ എസ്റ്റേറ്റിന്റെ അവസ്ഥ. ഭൂമി വാങ്ങലും വിക്കലും പൂർണമായും നിലച്ച അവസ്ഥയാണ്.
കോവിഡ് രോഗ വ്യാപനത്തിന്റെ തുടക്കത്തിൽ പ്രവാസികൾ ഒരുപാട് പേർ കേരളത്തിലേക്ക് മടങ്ങി വരുമെന്നും അവർ തങ്ങളുടെ നിക്ഷേപം വീടായും മറ്റു വസ്തു വകയായും മാറ്റുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മടങ്ങി വന്ന പ്രവാസികളൊക്കെ ആകെക്കൂടി ആശയ കുഴപ്പത്തിലാണ്. ഫ്‌ളാറ്റുകളുടെയും വസ്തുക്കളുടേയുമൊക്കെ വില ക്രമാതീതമായി കുറയും എന്ന് തന്നെയാണ് അവർ ഇപ്പോഴും വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ പെട്ടന്ന് വട്ടുപിടിച്ച് ഫ്‌ലാറ്റ് വാങ്ങാനോ വസ്തു വാങ്ങാനോ ഇറങ്ങിപുറപ്പെടുന്നുമില്ല. പ്രതിഫലം വാങ്ങി വസ്തു വിൽക്കുന്ന തീറാധാര ഇടപാടുകൾ പൂർണമായും നിലച്ച അവസ്ഥയിലാണ്. കേരളത്തിൽ അങ്ങ് ഇങ്ങു ചില ഒറ്റപ്പെട്ട ഇടപാടുകൾ നടക്കുന്നുണ്ടെന്ന് മാത്രം.
നേരെത്തെ അഡ്വാൻസ് വാങ്ങിയ ചില ഇടപാടുകളൊക്കെ പൂർത്തിയാക്കുന്നതൊഴിച്ചാൽ വസ്തുക്കച്ചവടം ഇല്ല എന്നുതന്നെ പറയേണ്ടി വരും. തിരുവനന്തപുരം നഗരത്തിലുൾപ്പെടെ ഇപ്പോൾ റെസിഡന്റിൽ പ്ലോട്ടുകൾക്കുപോലും ആവശ്യക്കാരില്ല എന്നതാണ് അവസ്ഥ. പല ഫ്‌ലാറ്റ് സമുച്ചയങ്ങളും വില്പന നടക്കാതെ ഒഴിഞ്ഞു കിടക്കുന്നു. കേരളത്തിലെ റിയൽ എസ്റ്റേറ്റ് കമ്പനികളൊക്കെ കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ് കാലം കഴിയുന്നതോടെ കേരളത്തിൽ കൂടുതൽ റിയൽ എസ്റ്റേറ്റ് കമ്പനികൾ നിലം പൊത്തും എന്നത് ഉറപ്പാണ്. ബാങ്കുകളിൽ നിന്നുള്ള മൊറട്ടോറിയമൊക്കെ ഉണ്ടായിരുന്നതുകൊണ്ട് കഴിഞ്ഞ കുറച്ചു മാസങ്ങളായി പിടിച്ചു നിന്ന കമ്പനികൾ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്.
https://www.facebook.com/Malayalivartha