ഇപിഎഫ്: കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയായി തുടരും
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയായി തുടരും. ഇതിനു കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഇപിഎഫ് കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയായി നിശ്ചയിച്ചു വിതരണം ആരംഭിച്ചെങ്കിലും കഴിഞ്ഞ മാര്‍ച്ച് വരെ മാത്രം നല്‍കാനായിരുന്നു ധനമന്ത്രാലയത്തിന്റെ അനുമതിയുണ്ടായിരുന്നത്. ആയിരം രൂപ കുറഞ്ഞ പെന്‍ഷനായി സ്ഥിരമായി വിതരണം ചെയ്യാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതിനായി പ്രതിവര്‍ഷം 850 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നീക്കിവയ്ക്കും.
കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം വൈകിയതിനാല്‍ ഈ മാസം 1000 രൂപ കുറഞ്ഞ പെന്‍ഷനായി വിതരണം ചെയ്യുന്നതു മുടങ്ങിയിരുന്നു. 1000 രൂപയ്ക്കു മേല്‍ ഇപിഎഫ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കു മാത്രമാണ് ഈ മാസം പെന്‍ഷന്‍ വിതരണം ചെയ്തത്. കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയായി നിശ്ചയിച്ചതിന്റെ പ്രയോജനം 20 ലക്ഷം പേര്‍ക്കു ലഭിക്കും. ഇപിഎഫ് കുറഞ്ഞ പെന്‍ഷന്‍ വിതരണം 1000 രൂപയായി തുടരാന്‍ ഇപിഎഫ്ഒ തൊഴില്‍ മന്ത്രാലയത്തിലേക്കു ശുപാര്‍ശ അയച്ചിരുന്നു. തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ വൈകിയതിനാലാണു തുക വിതരണം ചെയ്യാന്‍ സാങ്കേതിക തടസ്സമുണ്ടായത്. 1000 രൂപ കുറഞ്ഞ പെന്‍ഷനായി വര്‍ധിപ്പിച്ചു വിതരണം ചെയ്യാനായി ഇപിഎഫ്ഒ അധികമായി ചെലവിടേണ്ട തുക കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സഹായമായാണ് അനുവദിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha