ട്രാവല്‍ വൗച്ചറുകള്‍, ഉത്സവകാല അഡ്വാന്‍സ്...സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍; സമ്പദ്‌വ്യവസ്ഥയില്‍ 19,000 കോടിയുടെ ഇടപാടുകള്‍ നടക്കുമെന്ന് പ്രതീക്ഷ
കോവിഡ് സാമ്പത്തിക മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ദൈവത്തിന്റെ കളിയെന്നൊക്കെ എത്ര നാള്‍ ന്യായീകരിക്കാന്‍ കഴിയും. അതിന് നടപടികള്‍ തന്നെ വേണം. ഇതാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ട്രാവല്‍ വൗച്ചറുകളും ഉത്സവകാല അഡ്വാന്‍സും നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
ട്രാവല്‍ വൗച്ചറുകള്‍ നല്‍കാനായി 5,675 കോടി നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു. പൊതുമേഖല ബാങ്കുകളിലെ ജീവനക്കാര്‍ക്ക് പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടിയും മാറ്റിവെച്ചിട്ടുണ്ട്. ഇതിലൂടെ സമ്പദ്‌വ്യവസ്ഥയില്‍ 19,000 കോടിയുടെ ഇടപാടുകള്‍ നടക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 തവണകളായി തിരിച്ചടക്കാവുന്ന രീതിയില്‍ പരമാവധി 10,000 രൂപയാണ് അഡ്വാന്‍സായി നല്‍കുക. ഇതിനായി പണമുള്ള റുപേ കാര്‍ഡുകള്‍ ജീവനക്കാര്‍ക്ക് നല്‍കും. ഇത് ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ഇടപാടുകള്‍ നടത്താം. ഇതിന്റെ ബാങ്ക് ഇടപാട് ചാര്‍ജ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ നടപടിയിലൂടെ പരമാവധി 8,000 കോടി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് മൂലം രാജ്യത്തെ ഉപഭോഗത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടികള്‍.
മൂലധന ചെലവുകള്‍ക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചതായി ധനമന്ത്രി പറഞ്ഞു. 50വര്‍ഷത്തിനുള്ളിലാണ് ഇത് തിരിച്ചടയ്‌ക്കേണ്ടത്. ഇതില്‍ 200 കോടി രൂപവീതം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 450 കോടി രൂപവീതവുമാണ് അനുവദിക്കുക. ബാക്കിയുള്ള 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങള്‍ക്കും നല്‍കും. വൈകീട്ട് നടക്കുന്ന ജിഎസ്ടി യോഗത്തിനുമുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ടിക്കറ്റ് തുകയുടെ മൂന്നിരട്ടിവരെയാകും ലീവ് എന്‍കാഷ്‌മെന്റായി നല്‍കുക. ഈതുകയ്ക്ക് പൂര്‍ണമായും നികുതിയിളവ് ലഭിക്കും. സാധനങ്ങള്‍ വാങ്ങുന്നതിനും തുക വിനിയോഗിക്കാം. ഡിജിറ്റല്‍ പണമിടപാടുമാത്രമാണ് ഇതിനായി അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു. നാലുവര്‍ഷം ഒരുബ്ലോക്കായി കണക്കാക്കി ഒറ്റത്തവണയാണ് ലീവ് ട്രാവല്‍ കണ്‍സഷന്‍(എല്‍ടിസി)അനുവദിക്കുക. പേ സ്‌കെയിലിനനുസരിച്ചാകും വിമാന, ട്രെയിന്‍ യാത്രാ നിരക്കുകള്‍ അനുവദിക്കുക. 10 ദിവസത്തെ ശമ്പളവും ഡി.എയുമാകും നല്‍കുക.
https://www.facebook.com/Malayalivartha