ചൈനീസ് സര്‍ക്കാരിന് ജാക് മായോട് ഇപ്പോഴെന്താണിത്ര അതൃപ്തി? ജാക് മാ തകരുന്നു, ചൈന തകര്‍ക്കുന്നു; ആഴ്ചകള്‍ക്കുള്ളില്‍ ചൈനയിലെ ടെക് ഭീമന്മാര്‍ക്ക് വിപണിമൂല്യത്തില്‍ നുറുകണക്കിന് ബില്യണ്‍ ഡോളറുകള്‍ നഷ്ടമായി; ആലിബാബയെ വിഭജിപ്പിക്കാനൊരുങ്ങി ജാക് മാ
പണം കായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മുകളിലേക്ക് വളര്‍ന്നാല്‍ വെട്ടണം. ഇതു തന്നെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആലിബാബയക്കും അതിന്റെ സ്ഥാപകന്‍ ജാക് മായ്ക്കുമെതിരെ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തേക്കാള്‍ വളരുന്ന കുത്തക മുതലാളിത്തരീതിയെ ചൈന അതിരുകടന്ന് ഭയക്കാന്‍ തുടങ്ങിയിരിക്കുന്നു. ജാക് മായ്‌ക്കെതിരായ അന്വേഷണം ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായിയാണ്. ഇതോടെ അദ്ദേഹത്തിന്റെ ആസ്തിയില്‍ ഒക്ടോബറിനുശേഷം വന്‍ഇടിവുണ്ടായി. അദ്ദേഹത്തിന്റെ ആസ്തിയില്‍ 1100 കോടി ഡോളറോളമാണ് നഷ്ടമായത്. കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിയുകയുംചെയ്തു.
56-കാരനായ മുന്‍ ഇംഗ്ലീഷ് അധ്യാപകന്റെ വളര്‍ച്ച ചൈനയുടെ ഇന്റര്‍നെറ്റ് വ്യവാസയാത്തിന്റെ അതിവേഗനേട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിലൂടെ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ജാക് മാ. ഇപ്പോഴിതാ ലോകത്തിലെ 500 കോടീശ്വരന്മാരുടെ പട്ടികയില്‍ 25-ാം സ്ഥാനത്തേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെട്ടിരിക്കുന്നു. ആസ്തിയാകട്ടെ 50.9 ബില്യണ്‍ ഡോളറുമായി. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ വന്‍കുതിപ്പുണ്ടായെങ്കിലും സര്‍ക്കാര്‍ പരിശോധന കടുപ്പിച്ചതോടെ ഈ കമ്പനികളുടെ ഓഹരികളെ ബാധിക്കുകയുംചെയ്തു. ആഴ്ചകള്‍ക്കുള്ളില്‍ ചൈനയിലെ ടെക് ഭീമന്മാര്‍ക്ക് വിപണിമൂല്യത്തില്‍ നുറുകണക്കിന് ബില്യണ്‍ ഡോളറുകള്‍ നഷ്ടമായി.
പോണി മായുടെ ടെന്‍സെന്റ് ഹോള്‍ഡിങ്സിന്റെ മൂല്യം നവംബര്‍ ആദ്യത്തെ നിലവാരത്തില്‍നിന്ന് 15ശതമാനത്തോളം ഇടിഞ്ഞു. വാങ് ഷിങുവിന്റെ ഭക്ഷ്യ വിതരണ ശൃംഖലയായ മീറ്റുവാന്റെ മൂല്യം ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയ കഴിഞ്ഞമാസത്തെതില്‍നിന്ന് അഞ്ചിലൊന്ന് ഇടിഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ മുതലുള്ള കണക്കുനോക്കിയാല്‍ ആലിബാബയുടെ അമേരിക്കന്‍ ഡെപ്പോസിറ്റരി റസീറ്റുകളില്‍ 25ശതമാനത്തിലധികം കുറവുണ്ടായി. ചൈനയുടെ കുത്തക വിരുദ്ധ കരട് നിര്‍ദേശവും ആന്റിട്രസ്റ്റ് അവലോകനവും ടെക് ഭീമന്മാര്‍ക്കുമേല്‍ കരിനിഴല്‍വീഴ്ത്തിക്കഴിഞ്ഞു.
ചൈനീസ് സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്ന അന്വേഷണം എന്തായി ഭവിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. കടുത്ത അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഹോങ്കോങില്‍ എട്ട് ശതമാനമാണ് ആലിബാബയുടെ ഓഹരി തകര്‍ന്നതെങ്കില്‍ അമേരിക്കയില്‍ 1.7 ശതമാനം തകര്‍ന്നു. ടെന്‍സന്റിന്റെയും മെയ്റ്റുവാനിന്റെയും ഓഹരികള്‍ ആറു ശതമാനത്തിലേറെയാണ് ഹോങ്കോങില്‍ തകര്‍ന്നത്. ജെഡി.കോമിന്റേത് രണ്ടു ശതമാനവും തകര്‍ന്നു.
പുതിയ പ്രതിസന്ധിയെ മറികടക്കാന്‍ ആലിബാബ വിഭജിച്ചേക്കും എന്നാണ് ഇപ്പോള്‍ ചൈനയിലെ ബിസിനസ് വൃത്തങ്ങളിലെ വാര്‍ത്ത. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയുടെ ആഗോള മുഖമായിരുന്നു ജാക് മായും ആലിബാബയും. ദശലക്ഷക്കണക്കിന് ചൈനക്കാരുടെ ദൈനംദിന ജീവിതത്തില്‍ ടെക്നോളജി കമ്പനികള്‍ക്ക് വന്‍ സ്വാധീനമാണുള്ളത്. ഇതിങ്ങനെ വളരാന്‍ അനുവദിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന ഭീതിയാണ് സര്‍ക്കാരിന്റെ നീക്കത്തിനു പിന്നിലെന്നാണ് പാശ്ചത്യ മാധ്യമങ്ങളുടെ വിലയിരുത്തല്‍.
കടുത്ത നടപടികള്‍ സ്വീകരിച്ചാല്‍ ചൈനയുടെ മുഖം രാജ്യാന്തര സമൂഹത്തിനു മുന്‍പില്‍ വീണ്ടും വികൃതമായേക്കാം എന്ന ധാരണ ചൈനീസ് സര്‍ക്കാരിനുണ്ട്. ഒരിക്കല്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന ജാക് മായുടെ വളര്‍ച്ച ലോകത്തിന് വിസ്മയമാണ്. അദ്ദേഹത്തിന്റെ ഇ-കൊമേഴ്സ് കമ്പനി ലോകത്തിലെ ഏറ്റവും വലിയ ഇ - കൊമേഴ്സ് കമ്പനിയായിരുന്നു. ഒരു മാസം മുന്‍പാണ് ആലിബാബ ഗ്രൂപ്പിന്റെ കീഴിലുള്ള ആന്റ്‌റ് ഗ്രൂപ്പിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറിങ് ചൈനീസ് പ്രീമിയര്‍ ഷീ ജിന്‍പിങ് തടഞ്ഞത്. 37 ബില്യണ്‍ ഡോളര്‍ ചൈനയിലും ഹോങ്കോങിലും ലിസ്റ്റ് ചെയ്ത് നേടാനും അതുവഴി സാമ്പത്തിക സേവന സ്ഥാപനമായ ആന്റ്‌റ് ഗ്രൂപ്പിന്റെ വിപണി മൂലധനം 280 ബില്യണ്‍ ഡോളറിലെത്തിക്കാനുമുള്ള ജാക് മായുടെ നീക്കത്തിനാണ് തടസം നേരിട്ടത്.
രാജ്യത്തെ സാമ്പത്തിക നിയന്ത്രണങ്ങള്‍ സാങ്കേതിക മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നതായി ഒക്ടോബര്‍ 24 ന് നടത്തിയ പ്രസംഗത്തില്‍ ജാക് മാ വിമര്‍ശിച്ചിരുന്നു. ചൈനയുടെ സാമ്പത്തിക പ്രശ്നങ്ങളെ പുതിയ മാറ്റങ്ങളിലൂടെ പരിഹരിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം വായിച്ച ഷീ ജിന്‍പിങും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും ഇതില്‍ ആശ്ചര്യപ്പെട്ടതായാണ് വാര്‍ത്ത പുറത്തുവന്നത്. ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും സാമ്പത്തിക താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഷീ ജിന്‍പിങിന്റെ തന്നെ വ്യക്തിപരമായ തീരുമാനത്തോടെ ചൈനീസ് അധികൃതര്‍ ആന്റ്‌റ് ഗ്രൂപ്പിന്റെ മൂലധന സമാഹരണം തടഞ്ഞത്.
രാജ്യത്തെ അതിസമ്പന്നരുടെ സ്വാധീനം വളരുന്നത് ചൈനയില്‍ പുതിയ പ്രശ്നമല്ല. എന്നാല്‍ ലോകത്തിലെ ഒന്നാമത്തെ ധനികനായാലും ശരി, ചൈനയുടെ രാജ്യതാത്പര്യങ്ങളോടുള്ള ഇവരുടെ സമീപനം ധനികരായ ശേഷം എങ്ങിനെയെന്നത് സര്‍ക്കാര്‍ വളരെ സൂക്ഷ്മമായി നോക്കാറുണ്ട്. ആന്റ്റ് ഗ്രൂപ്പിന്റെ മൊബൈല്‍ പേമെന്റ് സിസ്റ്റമായ അലിപേ ചൈനക്കാരില്‍ 70 ശതമാനം പേര്‍ ഉപയോഗിക്കുന്നുണ്ട്. ബാങ്കുകള്‍ സഹായം നല്‍കാതെ അവഗണിച്ച കമ്പനികളെയും ചെറുകിട കച്ചവട സ്ഥാപനങ്ങളെയും ജാക് മാ കൈയ്യയച്ച് സഹായിക്കുന്നുണ്ട്. ഇതിനോടകം 20 ദശലക്ഷം ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് ജാക് മായുടെ സഹായം ലഭിച്ചു. ഏതാണ്ട് 50 കോടി വ്യക്തികള്‍ക്കാണ് സഹായം കിട്ടിയത്. സര്‍ക്കാര്‍ പിടിമുറുക്കിയതോടെ ആന്റ്‌റ് ഗ്രൂപ്പിന്റെ മൂല്യം ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha