ബജറ്റ് അച്ചടിക്കുന്നില്ല; സോഫ്റ്റ് കോപ്പികള്‍ വിതരണം ചെയ്യും; സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായാണ് രാജ്യത്ത് അച്ചടിക്കാത്ത കോപ്പികളുമായി ബജറ്റ് അവതരിപ്പിക്കുന്നത്; സാമ്പത്തിക സര്‍വെയും അച്ചടിക്കില്ല; ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് ഏഴുവരെയുള്ള ബജറ്റ് സമ്മേളനത്തില്‍ ഇടവേളകളുണ്ടാകും
ഇത്തവണത്തെ കേന്ദ്ര ബജറ്റ് പേപ്പറില്‍ അച്ചടിക്കില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. അതിനുപകരം സോഫ്റ്റ് കോപ്പികളാകും വിതരണംചെയ്യുക. സാമ്പത്തിക സര്‍വെയും അച്ചടിക്കില്ല. പാര്‍ലമെന്റ് അംഗങ്ങള്‍ക്കെല്ലാം സോഫ്റ്റ് കോപ്പികളാകും നല്‍കുക. സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായാണ് രാജ്യത്ത് അച്ചടിക്കാത്ത കോപ്പികളുമായി ബജറ്റ് അവതരിപ്പിക്കുന്നത്.
ധനമന്ത്രാലയത്തിലുള്ള പ്രസിലാണ് എല്ലാവര്‍ഷവും ബജറ്റ് പേപ്പറുകള്‍ അച്ചടിക്കാറുള്ളത്. അച്ചടിച്ച് മുദ്രയിട്ട് വിതരണംചെയ്യുന്നതിനായി രണ്ടാഴ്ചയോളം സമയമെടുക്കുമായിരുന്നു. 100 ഓളം ജീവനക്കാരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിച്ച് ഏപ്രില്‍ എട്ടുവരെ തുടരും. ആദ്യ സെഷന്‍ ഫെബ്രുവരി 15വരെയും രണ്ടാമത്തേത് മാര്‍ച്ച് എട്ടുമുതലാകും നടക്കുക.
ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് ഏഴുവരെയുള്ള സെഷനില്‍ ഇടവേളകളുണ്ടാകും. കോവിഡ് വ്യാപനത്തെതുടര്‍ന്ന് കഴിഞ്ഞവര്‍ഷം പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം നടന്നിരുന്നില്ല. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. കോവിഡ് വ്യാപനംമൂലം കര്‍ശനമായ നിബന്ധനകളോടെയാകും ഇത്തവണത്തെ ബജറ്റ് സെഷന്‍. രാജ്യസഭാ ചേംബര്‍, ലോക്സഭാ ചേംബര്‍, സെന്‍ട്രല്‍ ഹാള്‍ എന്നിവിടങ്ങളില്‍ അകലംപാലിച്ചായിരിക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും ഇരിപ്പിടമൊരുക്കുക.
ധനകാര്യ സെക്രട്ടറി എ.ബി പാണ്ഡെ, സാമ്പത്തികകാര്യ സെക്രട്ടറി തരുണ്‍ ബജാജ്, ദിപാം സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ, ധനകാര്യ സേവനവിഭാഗം സെക്രട്ടറി ഡെബാസിഷ് പാണ്ഡെ, എക്സപന്റിച്ചര്‍ സെക്രട്ടറി ടി.വി സോമനാഥന്‍, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ എന്നിവരാണ് ധനമന്ത്രിയെ ബജറ്റ് തയ്യാറാക്കാന്‍ സഹായിക്കുക.
കോവിഡ് വ്യാപനംമൂലം സമ്പദ്ഘടന മാന്ദ്യത്തിലായതിനാലും ധനക്കമ്മി 10.76 ലക്ഷംകോടിയായി ഉയര്‍ന്നതിനാലും ഈവര്‍ഷത്തെ ബജറ്റിന് പ്രസക്തിയേറെയാണ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇതിനകം ബജറ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക മേഖലകളിലെ പ്രമുഖരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇനിവരുന്നത് ഹല്‍വാ സെറിമണിയാണ്.
https://www.facebook.com/Malayalivartha