ഓഹരി വിപണിയില്‍ മുന്നേറ്റം... നിഫ്റ്റി 15,000ന് മുകളിലെത്തി
സെന്‍സെക്സ് 462 പോയന്റ് നേട്ടത്തില്‍ 50,903ലും നിഫ്റ്റി 139 പോയന്റ് ഉയര്‍ന്ന് 15,095ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1100 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 249 ഓഹരികള്‍ നഷ്ടത്തിലുമാണ്.
52 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അള്‍ട്രടെക് സിമെന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ബജാജ് ഓട്ടോ, പവര്‍ഗ്രിഡ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിപിസിഎലിലുള്ള നാലുശതമാനം ഓഹരികള്‍ ബിപിസിഎല്‍ ട്രസ്റ്റ് വില്‍ക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളെതുടര്‍ന്ന് ഓഹരിവിലയില്‍ ആറുശതമാനത്തോളം നഷ്ടമുണ്ടായി.
അതേസമയം ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യയിലെ എണ്ണപ്പാടത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെതുടര്‍ന്ന് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നു.
ഒറ്റ ദിവസം കൊണ്ട് 2.11 ശതമാനം വര്‍ധിച്ച് ബാരലിന് 70.82 ഡോളറായി. 2019 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ആക്രമണം കാരണം എണ്ണപ്പാടത്തിന് കേടുപാടുകളൊന്നുമുണ്ടായിട്ടില്ലെങ്കിലും സുരക്ഷാ ഭീഷണിയാണ് വില ഉയരാന്‍ ഇടയാക്കിയത്. അതിനിടെ, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഇന്ധന വിലക്കയറ്റത്തിന് താത്കാലിക ശമനമായി.
ഒമ്പതു ദിവസമായി വില മാറ്റമില്ലാതെ തുടരുകയാണ്. കൊച്ചിയില്‍ തിങ്കളാഴ്ച പെട്രോള്‍ വില ലിറ്ററിന് 91.33 രൂപയും ഡീസലിന് 85.92 രൂപയുമാണ്. അസംസ്‌കൃത എണ്ണവില കുറയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് എണ്ണക്കമ്പനികളുടെ കൂട്ടായ്മയായ ഒപ്പെക് പ്രതികരിച്ചിട്ടില്ല.
എന്നാല്‍, വില വന്‍തോതില്‍ കുറഞ്ഞുനിന്നപ്പോള്‍ ഇന്ത്യ വാങ്ങി സൂക്ഷിച്ച എണ്ണ പുറത്തെടുക്കണമെന്നായിരുന്നു സൗദിയുടെ പ്രതികരണം.
"
https://www.facebook.com/Malayalivartha