ഫെഡ്‌മൊബൈലിന്റെ പുതിയ പതിപ്പുമായി ഫെഡറല്‍ ബാങ്ക്
ഫെഡറല്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ ഫെഡ്‌മൊബൈല്‍ കൂടുതല്‍ സൗകര്യങ്ങളോടെ നവീകരിച്ചു പുറത്തിറക്കി. വേഗത്തിലും ലളിതമായും സുഗമമായും ഉപയോഗിക്കാനാകുന്നതാണ് പുതിയ ആപ്ലിക്കേഷന്‍. പുതിയ ഫെഡ്‌മൊബൈല്‍ ഉപയോഗിച്ച് ഏതു സമയത്തും മൊബൈല്‍ ബാങ്കിംഗ് രജിസ്റ്റര്‍ ചെയ്യാം. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താലുടന്‍ ഇത് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാകും. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തന്നെ പുതിയ പിന്‍ നമ്പര്‍ സൃഷ്ടിക്കാനും പുനഃക്രമീകരിക്കാനും കഴിയും. സേവനം ലഭ്യമാക്കാന്‍ ബാങ്കിന്റെ ശാഖകളില്‍ പോയി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം മാറ്റുന്നതിനൊപ്പം മറ്റു ബാങ്ക് അക്കൗണ്ടുകളിലേക്ക് എന്‍ഇഎഫ്ടി, ഐഎംപിഎസ് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യവും ഫെഡ്‌മൊബൈലില്‍ ലഭിക്കും. മൊബൈല്‍ ഫോണ്‍ റീചാര്‍ജ്, ടോപ്പ് അപ്പ്, യൂട്ടിലിറ്റി ബില്ലുകളുടെ പണം അടയ്ക്കല്‍, സ്‌കൂള്‍ ഫീസ് അടയ്ക്കല്‍ തുടങ്ങിയ മൂല്യവര്‍ധിത സേവനങ്ങളും ലഭിക്കും. ബാങ്കിന്റെ ഇ-പാസ്ബുക്ക് ആപ്ലിക്കേഷനായ ഫെഡ്ബുക്കുമായി ഫെഡ്‌മൊബൈലിനെ സംയോജിപ്പിച്ചിട്ടുള്ളതിനാല്‍ ഫെഡ്‌മൊബൈല്‍ വഴി ഫെഡ്ബുക്ക് ഉപയോഗിക്കാന്‍ സാധിക്കും.
ഫെഡ്‌മൊബൈലിന്റെ പുതിയ പതിപ്പ് ഉപയോഗിച്ച് നടത്തുന്ന ആദ്യ ഇടപാട് 100 രൂപയ്ക്കു മുകളിലാണെങ്കില്‍ 50 രൂപ വീതം ക്യാഷ് ബാക് ഓഫറും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഇടപാട് നടത്തി 24 മണിക്കൂറിനുള്ളില്‍ ക്യാഷ് ബാക് തുക ഇടപാടുകാരുടെ അക്കൗണ്ടില്‍ വരവുവയ്ക്കും. ജൂലൈ 31 വരെ ഈ ഓഫര്‍ നിലവിലുണ്ടാകും.
ആന്‍ഡ്രോയ്ഡ് 4 മുതലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് ഫെഡ്‌മൊബൈലിന്റെ പുതിയ പതിപ്പ് ലഭ്യമാകുന്നത്. വൈകാതെ ഐഒഎസ്, വിന്‍ഡോസ്, ബ്ലാക്‌ബെറി അധിഷ്ഠിത ഫോണുകളിലും ഇതു ലഭ്യമാകും.
ഇടപാടുകാര്‍ക്ക് അതിവിശിഷ്ട ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്നും ഫെഡ്ബുക്, സ്‌കാന്‍ ആന്‍ഡ് പേ തുടങ്ങിയ നൂതന സംവിധാനങ്ങളിലൂടെ ഡിജിറ്റല്‍ ബാങ്കിംഗ് മേഖലകളില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ടെന്നും റീട്ടെയ്ല്‍ ബിസിനസ് മേധാവി കെ.എ. ബാബു പറഞ്ഞു. ഇടപാടുകാര്‍ തമ്മിലും ഇടപാടുകാരും വ്യാപാരികളും തമ്മിലും പണം കൈമാറ്റം സുഗമമാക്കുന്ന സ്‌കാന്‍ ആന്‍ഡ് പേ എന്ന അതിനൂതന പണം കൈമാറ്റ സംവിധാനം ഈ അടുത്താണ് ബാങ്ക് പുറത്തിറക്കിയത്. ഈ മാസംതന്നെ ഡിജിറ്റല്‍ ബാങ്കിംഗില്‍ ഫെഡറല്‍ ബാങ്കിന്റെ രണ്ടാമത്തെ സംരംഭമാണ് നവീകരിച്ച ഫെഡ്‌മൊബൈല്‍. ഇടപാടുകാരെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബാങ്കായതിനാല്‍ സമീപ ഭാവിയില്‍ കൂടുതല്‍ ഡിജിറ്റല്‍വത്ക്കരണവുമായി രംഗത്തെത്താന്‍ ബാങ്കിനു പദ്ധതിയുണ്ട്. ഇടപാടുകാര്‍ക്ക് ബാങ്കിംഗ് കൂടുതല്‍ ലളിതവും സൗകര്യപ്രദവുമാക്കുകയാണു ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha