ആദായ നികുതി റിട്ടേണിന് ലളിതമായ ഫോം
ആദായനികുതി റിട്ടേണിന് പുതിയ ലളിതമായ ഫോമുകള്‍ ആദായ നികുതി വകുപ്പ് അവതരിപ്പിച്ചു. ഓഗസ്റ്റ് 31 വരെയാണ് ഇത്തവണ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അവസരം.
നേരത്തെ അവതരിപ്പിച്ച ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫോം പൂരിപ്പിക്കാന്‍ പ്രയാസമേറെയാണെന്നു വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ഐടിആര്‍ ഫോമുകള്‍ എത്തിക്കാന്‍ തീരുമാനിച്ചത്. വിദേശയാത്രാ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളുടെ പൂര്‍ണവിവരങ്ങളും റിട്ടേണില്‍ എഴുതണമെന്നതാണു മുഖ്യമായും വിവാദമായത്.
പുതിയ ഫോമുകളിലൊന്നായ ഐടിആര്‍ 2എ വെറും മൂന്നു പേജേയുള്ളു. പാസ്‌പോര്‍ട്ട് നമ്പര്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്തണമെന്നു മാത്രമാണ് ഇതില്‍ പറയുന്നത്. വിദേശയാത്രാ വിവരങ്ങള്‍ വേണ്ട. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിദായകന് ഉണ്ടായിരുന്ന സേവിങ്‌സ് ബാങ്ക്, കറന്റ് അക്കൗണ്ടുകള്‍ എത്രയെന്നു ചോദ്യമുണ്ട്. നിഷ്‌ക്രിയ അക്കൗണ്ടുകള്‍ പരിഗണിക്കേണ്ട. അക്കൗണ്ടുകളിലെ തുക എത്രയെന്നും ചോദ്യമില്ല. തൊഴിലില്‍ നിന്നോ ബിസിനസില്‍ നിന്നോ മൂലധന വര്‍ധനയില്‍നിന്നോ വരുമാനമില്ലാത്തതും വിദേശത്ത് സ്വത്തുക്കളില്ലാത്തതുമായ ആളുകള്‍ നല്‍കാനുള്ള ഫോമാണിത്.
ആദായ നികുതി റീഫണ്ട് നിക്ഷേപിക്കേണ്ടുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ കൂട്ടത്തില്‍ ബാങ്കിന്റെ \'ഐഎഫ്എസ് കോഡ്\' എഴുതണം. ആധാര്‍ നമ്പര്‍ പുതിയ ഫോമില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ഇമെയില്‍ വിലാസങ്ങള്‍ നല്‍കാനുള്ള അവസരവുമുണ്ട്. ഓണ്‍ലൈന്‍ ഫയലിങ് സാധ്യമാക്കാനുള്ള നടപടിയാണിതെന്നു നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫോമില്‍ പറഞ്ഞിട്ടില്ലാത്ത വിവരങ്ങള്‍ നല്‍കാന്‍ അവസരമൊരുക്കി 4–പേജ് ഷെഡ്യൂള്‍ കൂടി ഐടിആര്‍2 എ ഫോമിനൊപ്പം നല്‍കും.തൊഴിലില്‍നിന്നോ ബിസിനസില്‍നിന്നോ വരുമാനമുള്ള വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും റിട്ടേണ്‍ നല്‍കേണ്ടുന്ന ഐടിആര്‍ 2 ല്‍ നികുതിദായകന്റെ വിദേശ സ്വത്തുക്കള്‍ സംബന്ധിച്ചും ഇന്ത്യക്കു പുറത്ത് ഏതെങ്കിലും സ്രോതസില്‍ നിന്നു വരുമാനമുണ്ടെങ്കില്‍ അതു സംബന്ധിച്ചും വിവരങ്ങള്‍ നല്‍കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha