സര്‍ക്കാര്‍ വീണ്ടും ബിഎസ്എന്‍എല്ലിലേയ്ക്ക്
സര്‍ക്കാര്‍വകുപ്പുകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിന് ബി.എസ്.എന്‍.എല്ലിനെ ഉപേക്ഷിച്ച് റെയില്‍ടെല്ലിനെ സ്വീകരിച്ച സര്‍ക്കാര്‍ ഒന്നര വര്‍ഷത്തിനുശേഷം തിരുമാനം മാറ്റുന്നു. ഉദ്ദേശിച്ച ഫലവും വാഗ്ദാനംചെയ്ത സേവനങ്ങളും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും ബി.എസ്.എന്‍.എല്ലിനെ തന്നെ സ്വീകരിക്കാന്‍ തീരുമാനിച്ചത്.
റവന്യു ഉള്‍പ്പെടെ വിവിധ വകുപ്പുകളിലും സെക്രട്ടേറിയറ്റിലുമെല്ലാം റെയില്‍ടെല്ലിനെ സ്വീകരിക്കാന്‍ 2013ലാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതനുസരിച്ച് കോട്ടയം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ റവന്യുവകുപ്പ് സേവനങ്ങളും ഇഡിസ്ട്രിക്ട് പദ്ധതിയുമെല്ലാം റെയില്‍ടെല്‍ വഴിയാക്കുകയുംചെയ്തു.
എന്നാല്‍ റെയില്‍വേലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ള ഓഫീസുകളിലേക്കുമാത്രമാണ് റെയില്‍ടെല്‍ ഈ സേവനം നേരിട്ടുനല്‍കിയത്. ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് മുഖേനയാണ് ഇവര്‍ സേവനമെത്തിച്ചത്. സംസ്ഥാന ഐ.ടി മിഷന്‍ ഉദ്ദേശിച്ച രീതിയിലുള്ള സേവനം ഇതിലൂടെ ലഭിക്കാതിരിക്കുകയും വ്യാപകമായ പരാതികളുയരുകയും ചെയ്തതോടെയാണ് ഇക്കാര്യത്തില്‍ പുനര്‍ചിന്തനത്തിന് അധികൃതര്‍ നിര്‍ബന്ധിതരായത്.
മാത്രമല്ല, റെയില്‍ടെല്ലിന് പ്രതിവര്‍ഷം നല്‍കുന്ന തുകയുടെ മൂന്നിലൊന്നുതുകയ്ക്ക് ആ സേവനം നല്‍കാമെന്ന് ഇപ്പോള്‍ ബി.എസ്.എന്‍.എല്‍ വാഗ്ദാനം ചെയ്തിരിക്കുകയുമാണ്. നേരത്തെ വി.പി.എന്‍ കണക്ഷനായാണ് (നിശ്ചയിക്കപ്പെട്ട സൈറ്റുകളിലേക്കുമാത്രം പ്രവേശനമുള്ളത്) ഇതു നല്‍കിയിരുന്നത്. ഇപ്പോള്‍ ഇതിനു ബദലായി ഓപ്പണ്‍ ബ്രോഡ്ബാന്‍ഡ്(എല്ലാ സൈറ്റിലേക്കും പ്രവേശനം ലഭിക്കുന്നത്) കണക്ഷനായാണ് ബി.എസ്.എന്‍.എല്‍ സേവനം വാഗ്ദാനം ചെയ്തിട്ടുള്ളത്. സര്‍ക്കാറിന് വന്‍ ലാഭമാണ് ഇതോടെ ഉണ്ടാകാന്‍ പോകുന്നത്.
ഇതാണ് പഴയ ദാതാക്കളെത്തന്നെ വീണ്ടും തിരഞ്ഞെടുക്കാന്‍ കാരണമെന്ന് സംസ്ഥാന ഐ.ടി മിഷന്‍ അധികൃതര്‍ പറയുന്നു. കണക്ഷന്‍ മാറ്റിനല്‍കുന്നതിനുള്ള പ്രവൃത്തികള്‍ നടന്നുവരികയാണെന്നും അടുത്ത മാസത്തോടെ പൂര്‍ണമായും ബി.എസ്.എന്‍.എല്ലിലേക്ക് ഇഡിസ്ട്രിക്ട് സേവനങ്ങള്‍ മാറുമെന്നും അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha