ഇന്ധനവില കത്തുന്നു.... സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.... കേരളത്തില്‍ പെട്രോള്‍ വില സെഞ്ച്വറിയിലേക്ക്....
കേരളത്തില്‍ പെട്രോള്‍ വില നൂറിലേക്ക് . ഇന്നും ഇന്ധനവില വര്‍ധിപ്പിച്ചതോടെ പെട്രോള്‍ വില ലിറ്ററിന് 97 രൂപ കടന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്താണ് പെട്രോള്‍ വില 97 രൂപ കടന്നത്. തലസ്ഥാന ജില്ലയില്‍ പെട്രോള്‍ ലിറ്ററിന് 97.01 രൂപയും ഡീസലിന് 92.34 രൂപയുമായി.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.13 രൂപയും ഡീസലിന് 90.57 രൂപയുമാണ് വില. കോവിഡും ലോക്ഡൗണുകളും ജനങ്ങള്‍ക്കു സൃഷ്ടിച്ച കൊടിയ ദുരിതങ്ങള്‍ക്കും വരുമാന, തൊഴില്‍ നഷ്ടങ്ങള്‍ക്കുമിടെ ഈ വര്‍ഷം മാത്രം 43 തവണ ഇന്ധന വില കൂട്ടി. ഇടയ്ക്കു കണ്ണില്‍ പൊടിയിടാനായി വെറും നാലു തവണ നാമമാത്ര പൈസ കുറച്ചു.
കഴിഞ്ഞ ജനുവരിക്കു ശേഷം മാത്രം പെട്രോള്‍ ലിറ്ററിന് 10.78 രൂപയും ഡീസലിന് 11.51 രൂപയുമാണു വില കൂട്ടിയത്. രാജ്യത്തെ 135 ജില്ലകളിലെ പെട്രോള്‍ വില സെഞ്ചുറിയും കടന്നു കുതിക്കുകയാണ്. ഇവയിലേറെയും മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ജമ്മു കാഷ്മീര്‍ സംസ്ഥാനങ്ങളിലാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മേയ് നാലു മുതല്‍ 18 തവണയാണു വില കൂട്ടിയത്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആസാം തെരഞ്ഞെടുപ്പിനായി 23 ദിവസം തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില മരവിപ്പിക്കാനും മോദി സര്‍ക്കാര്‍ മറന്നില്ല.
പെട്രോളിന്റെ വിലനിയന്ത്രണം 2010ലും ഡീസലിന്റേതു 2014ലും സര്‍ക്കാര്‍ ഉപേക്ഷിച്ചതിന്റെ മറവിലാണ് എണ്ണക്കമ്പനികള്‍ വിലകൂട്ടല്‍ പതിവാക്കിയത്.
നികുതികളും തീരുവകളും കുറച്ചു പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പണപ്പെരുപ്പം കുറയ്ക്കാന്‍ ഇന്ധന വില കുറയ്ക്കാതെ തരമില്ലെന്നു റി സര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha