സാധാരണക്കാര്‍ക്ക് താത്കാലിക ആശ്വാസം ... ഒരാഴ്ചയായി ഇന്ധനവില വര്‍ദ്ധിപ്പിക്കാതെ പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കാഡ് ഉയരത്തിലുമെത്തിയെങ്കിലും സാധാരണക്കാര്‍ക്ക് താത്കാലിക ആശ്വാസം പകര്‍ന്ന്, ഒരാഴ്ചയായി ഇന്ധനവില വര്‍ദ്ധിപ്പിക്കാതെ പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍.
ക്രൂഡോയില്‍ വില കുത്തനെ കൂടുന്നതും ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പിയുടെ മൂല്യത്തകര്‍ച്ച മൂലം ഇറക്കുമതിച്ചെലവ് ഏറിയതും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞമാസങ്ങളില്‍ എണ്ണവിതരണ കമ്പനികള്‍ അനുദിനം വില കൂട്ടിയത്.
ഇതോടെ കേരളമടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയും പിന്നിട്ടു. നിലവില്‍ പെട്രോളിന് 103.82 രൂപയും ഡീസലിന് 96.47 രൂപയുമാണ് വില (തിരുവനന്തപുരം). ജൂലായ് 17നാണ് അവസാനമായി പെട്രോള്‍ വില കൂട്ടിയത് (30 പൈസ).
ജൂലായ് 16ന് 17 പൈസ കൂട്ടിയ ശേഷം ഡീസല്‍ വിലയിലും മാറ്റമില്ല. തുടര്‍ച്ചയായ വര്‍ദ്ധനയ്ക്കിടെ ജൂലായ് 12ന് ഡീസല്‍ വില 17 പൈസ കുറച്ചിരുന്നു.
ജൂലായ് ആറിന് ബാരലിന് 75.97 ഡോളറായിരുന്നു ഇന്ത്യയുടെ ക്രൂഡോയില്‍ വാങ്ങല്‍ച്ചെലവ് (ഇന്ത്യന്‍ ബാസ്‌കറ്റ്). ജൂലായ് 19ന് ഇത് 71 ഡോളറിലേക്കും 21ന് 69.56 ഡോളറിലേക്കും ഇടിഞ്ഞു. ക്രൂഡോയില്‍ വില വര്‍ദ്ധനയ്ക്ക് ആനുപാതികമായി ഇന്ധനവില കൂട്ടിയ എണ്ണവിതരണ കമ്പനികള്‍, ക്രൂഡോയില്‍ വില കുറഞ്ഞപ്പോള്‍ ഇന്ധനവില കുറയ്ക്കുന്നതിന് പകരം നിലനിറുത്തുന്ന നടപടിയാണ് സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha