കിട്ടുന്ന 100 രൂപയില്‍ 35 രൂപയോളം വിവിധ നിരക്കുകളായി സര്‍ക്കാര്‍ കൊണ്ടുപോകുന്നു, വിപണിയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ നിരക്കു വര്‍ധനയല്ലാതെ മറ്റൊരു വഴിയില്ലെന്ന് എയര്‍ടെല്‍
വിപണിയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ നിരക്കു വര്‍ധനയല്ലാതെ മറ്റൊരു വഴിയില്ലെന്നു എയര്‍ടെല്‍. ചെയര്‍മാന്‍ സുനില്‍ മിത്തല്‍ ആണ് ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. കിട്ടുന്ന 100 രൂപയില്‍ 35 രൂപയോളം വിവിധ നിരക്കുകളായി സര്‍ക്കാര്‍ കൊണ്ടുപോകുന്നു. മികച്ച സേവനം ഉപയോക്താക്കള്‍ക്കു നല്‍കുകയാണ് ലക്ഷ്യം. 5ജി സാങ്കേതികവിദ്യ ഉപയോക്താക്കള്‍ക്കും നല്‍കണം. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ കാര്യങ്ങള്‍ ദുഷ്‌കരമാണ്. നിരക്കുകള്‍ വര്‍ധിപ്പിച്ചേ മതിയാകുവെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ 79 രൂപയുടെ പ്ലാനാണ് കമ്പനി ഉപയോക്താക്കള്‍ക്കു ഏറ്റവും കുറഞ്ഞതായി വാഗ്ദാനം ചെയ്യുന്നത്. ഇത് 99 രൂപയാക്കിയെങ്കിയും ഉയര്‍ത്തുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.കമ്പനികള്‍ക്കായി സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണ്. മേഖലയിലെ നികുതികളിലടക്കം ഇളവുകള്‍ വേണം. ലോകത്ത് മറ്റൊരു രാജ്യത്തും ഇത്രയും കുറഞ്ഞ നിരക്കില്‍ ടെലികോം സേവനങ്ങള്‍ നലകുന്നില്ലെന്നും മിത്തല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യക്കാര്‍ മാസത്തില്‍ ശരാശരി 16 ജി.ബി. ഡേറ്റയാണ് ഉപയോഗിക്കുന്നത്.
നിരക്കുകളില്‍ വര്‍ധന വരുത്തേണ്ട സമയമാണിത്. സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷാവസാനത്തോടെ ഒരു ഉപയോക്താവില്‍നിന്നുള്ള പ്രതിമാസ ശരാശരി വരുമാനം 200 രൂപയെങ്കിലും ആയിരിക്കണം. നിലവില്‍ ഇത് 149 രൂപ മാത്രമാണ്. അതായത് നിരക്കുകളില്‍ 40 ശതമാനത്തിന്റെ വര്‍ധന വരണം. വരും നാളുകളില്‍ ഉപയോക്താക്കളില്‍നിന്നുള്ള പ്രതിമാസ വരുമാനം 300 രൂപയാക്കി ഉയര്‍ത്തണമെന്നും മിത്തല്‍ വ്യക്തമാക്കി.
അടുത്തിടെയാണ് കമ്പനി അടിസ്ഥാന പ്ലാനായ 49 രൂപ 79 ആക്കി ഉയര്‍ത്തിയത്. ഈ പ്ലാനാണ് നിലവില്‍ 99 ആക്കാനൊരുങ്ങുന്നത്. 1.6 ലക്ഷം കോടി രൂപയുടെ കടമാണ് എയര്‍ടെല്ലിനുള്ളത്. കടബാധ്യത കുറയ്ക്കുന്നതിനും ശൃംഖല വിപൂലീകരിക്കുന്നതിനുമായി കഴിഞ്ഞ ദിവസമാണ് കമ്പനി 21000 കോടി രൂപയുടെ അവകാശ ഓഹരികള്‍ പ്രഖ്യാപിച്ചത്. ഒരു ഓഹരിക്ക് 535 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 14 ഓഹരികള്‍ക്ക് ഒരു അവകാശ ഓഹരി എന്ന നിരക്കിലാകും ഇടപാട്. സ്ഥാപക ചെയര്‍മാന്‍ സുനില്‍ മിത്തല്‍ അടക്കം സ്ഥാപകര്‍ എല്ലാവരും ഓഹരികള്‍ വാങ്ങുമെന്നാണ് സൂചന. അഞ്ചു രൂപയാണ് ഓഹരികളുടെ മുഖവില.
റിലയന്‍സ് ജിയോയുടെ കടുന്നുവരവോടെയാണ് എയര്‍ടെല്‍ വിപണിയില്‍ രണ്ടാംസ്ഥാനത്തേയ്ക്കു തഴയപ്പെട്ടത്. നിലവില്‍ കമ്പനിയുടെ 55.8 ശതമാനം ഓഹരികളും പ്രൊമോട്ടറുടെ കൈകളിലാണ്. 44.09 ശതമാനം ഔഹരികളാണ് പൊതുവിപണിയിലുള്ളത്. ഇക്കഴിഞ്ഞ ജൂണില്‍ മാത്രം 38.1 ലക്ഷം ഉപയോക്താക്കളെ കൈവരിച്ച എയര്‍ടെല്ലിന്റെ മൊത്തം ഉപഭോക്തൃ ശൃംഖല 35.2 കോടിയാണ്. തിങ്കളാഴ്ച 620.35ലാണ് എയര്‍ടെല്‍ ഓഹരികള്‍ വില്‍പ്പന അവസാനിപ്പിച്ചത്. വെള്ളിയാഴ്ച ഇത് 588.45 രൂപയായിരുന്നു. ഇന്ന് നിലവില്‍(12.50 പി.എം) 634.65ലാണ് കമ്പനി ഓഹരികളുടെ വ്യാപാരം നടക്കുന്നത്. അവകാശ ഓഹരികള്‍ പ്രഖ്യാപിച്ചതും ഗൂഗിളിന്റെ നിക്ഷേപമെത്തിയേക്കുമെന്ന വാര്‍ത്തകളുമാണ് ഓഹരി വിലയില്‍ പ്രതിഫലിക്കുന്നത്. ഓഹരിയുടെ 52 ആഴ്ചയിലെ മികച്ച പ്രകടനം 644.00 രൂപയാണ്.
https://www.facebook.com/Malayalivartha