ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്, പരാതി നല്‍കാന്‍ പ്രത്യേകം കോള്‍ സെന്റര്‍
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായതോടെ ഇതിനെതിരെ പരാതി നല്‍കാന്‍ പ്രത്യേക കോള്‍ സെന്ററുമായി കേരള പോലീസ്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ആണ് കോള്‍ സെന്റര്‍ സ്ഥാപിച്ചത്. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ആണ് കോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തത്. സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 155260 എന്ന നമ്പറില്‍ വിളിച്ച് പരാതി നല്‍കാം.
ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് കാലതാമസം കൂടാതെ പരാതി നല്‍കാന്‍ സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. . കേന്ദ്ര സര്‍ക്കാരിന്റെ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തിന് കീഴിലാണ് കോള്‍ സെന്റര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് മാത്രമല്ല തട്ടിപ്പിനെക്കുറിച്ച് അറിയുന്നവര്‍ക്കും കോള്‍ സെന്ററുമായി ബന്ധപ്പെടാം. പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലൂടെ ബാങ്ക് അധികാരികള്‍ക്ക് കൈമാറും, അങ്ങനെ ഈ അക്കൗണ്ട് ഉപയോഗിച്ച് അനിധികൃതമായി പണം കൈമാറ്റം ചെയ്യുന്നത് തടയാനാകും.
തുടര്‍ന്ന് പരാതികള്‍ സൈബര്‍ പോലീസിന് കൈമാറും. കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഓണ്‍ലൈന്‍ പണ ഇടപാടുകള്‍ കൂടിയതോടെ രാജ്യത്ത് ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകളും കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
2020 ലെ അവസാന നാല് മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം മെയ് മാസം വരെ ഡിജിറ്റല്‍ തട്ടിപ്പ് ശ്രമങ്ങളില്‍ 88 ശതമാനം വര്‍ധനയുണ്ടായെന്ന് ട്രാന്‍സ് യൂണിയന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. സുരക്ഷിതമല്ലാത്ത ലിങ്കുകളിലൂടെയുള്ള ബാങ്ക് ഇടപാടുകള്‍, വിശ്വാസ്യതയില്ലാത്ത ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ തുടങ്ങിയവയിലൂടെയാണ് ഡിജിറ്റില്‍ സാമ്പത്തിക തട്ടിപ്പുകള്‍ അധികവും നടക്കുന്നത്. ഒടിപി, പാസ് വേഡ്, പിന്‍ നമ്പര്‍ തുടങ്ങിയവ പങ്കുവെയ്ക്കുന്നതിലൂടെയുള്ള തട്ടിപ്പും വര്‍ധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha