പിഎഫ് നിക്ഷേപ നിയമങ്ങള്‍ മാറുന്നു, ഈ വിവരങ്ങള്‍ അറിഞ്ഞിരിക്കണം!
പ്രതിവര്‍ഷം രണ്ടരലക്ഷം രൂപയില്‍ കൂടുതലുള്ള പിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതി ഈടാക്കുമെന്ന് ഈ വര്‍ഷത്തെ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പരിധി അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തുന്നതായി പിന്നീട് പ്രഖ്യാപനം ഉണ്ടായി. നികുതി ഇളവിനായി പിഎഫില്‍ നിക്ഷേപം നടത്തുന്ന മദ്ധ്യവര്‍ഗക്കാര്‍ക്കും ഉയര്‍ന്ന വരുമാനക്കാര്‍ക്കും തിരിച്ചടിയാകുന്ന തീരുമാനം 2022 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. 2021 മാര്‍ച്ച് 31ന് ശേഷമുള്ള നിക്ഷേപങ്ങള്‍ക്കാണ് നികുതി ഈടാക്കുക.
ഇതു സംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അടുത്തിടെ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട് . 2022 ഏപ്രില്‍ ഒന്ന് മുതല്‍ ഉയര്‍ന്ന പരിധിയിലെ ഇപിഎഫ് നിക്ഷേപത്തിന് നികുതി ബാധകമാകുന്നതോടെ ഇത് സംബന്ധിച്ച വിവരങ്ങള്‍ ആദായ നികുതി ഫയല്‍ ചെയ്യുമ്പോള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കുന്നു. 2021-22-സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി നല്‍കണം. അത് ആദായനികുതി റിട്ടേണില്‍ വ്യക്തമാക്കിയിരിക്കണം.
ബജറ്റ് പ്രഖ്യാപനങ്ങളുടെ ഭാഗമായാണ് മാറ്റം പ്രഖ്യാപിച്ചതെങ്കിലും നികുതി വിധേയമായ വരുമാനം എങ്ങനെ കണക്കാക്കും എന്നത് സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഒരു വ്യക്തിയുടെ ഇപിഎഫ് സംഭാവന ഒരു നിശ്ചിത സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷത്തിന് മുകളിലാണെങ്കില്‍, അവര്‍ക്ക് രണ്ട് പ്രത്യേക പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കണം.
നികുതി ഇല്ലാത്ത അക്കൗണ്ടും നികുതി വിധേയമായ അക്കൗണ്ടും. 2021-22 സാമ്പത്തിക വര്‍ഷം മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്.നികുതി കണക്കാക്കുന്നതിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനാണ് നികുതിയുള്ളതും നികുതിയില്ലാത്തതുമായ പിഎഫ് അക്കൗണ്ടുകള്‍.
അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് സാധാരണയായി പ്രതിമാസം ജീവനക്കാര്‍ പിഎഫ് വിഹിതം നല്‍കുന്നത്.
നിശ്ചിത വിഹിതത്തിന് പിന്നാലെ നികുതി ഇളവിനായി പ്രൊവിഡന്റ് ഫണ്ടില്‍ അധിക നിക്ഷേപം നടത്തുന്നവരുണ്ട്. ഉയര്‍ന്ന വരുമാനക്കാര്‍ പിഎഫില്‍ വന്‍തുകയുടെ നിക്ഷേപം നടത്തി നികുതി ഇളവുകള്‍ നേടുന്നതിന് തടയിടാനാണ് പിഎഫിലെ നികുതി വിധേയമല്ലാത്ത തുകയ്ക്ക് പരിധി കൊണ്ടുവന്നിരിക്കുന്നത്. തൊഴിലുടമയുടെ സംഭാവന ഈ നിക്ഷേപ പരിധിയില്‍ ഉള്‍പ്പെടില്ല.
https://www.facebook.com/Malayalivartha