ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി ആമസോണ്‍; ലക്ഷ്യം കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുക
ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സഹായവുമായി ആഗോള റീട്ടെയില്‍ വമ്പന്‍ ആയ ആമസോണ്‍. സാങ്കേതികവിദ്യയുടെ സഹായത്തോടെ വിളകളെ പറ്റിയും കാലവസ്ഥയെപ്പറ്റിയും കര്‍ഷകര്‍ക്ക് സമായസമയം നിര്‍ദേശം നല്‍കാനാണ് തീരുമാനം. വിതരണശൃംഖല വീപുലീകരിക്കുന്നതിനായി യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളും മറ്റും കര്‍ഷകരിലേക്കെത്തിക്കും. കര്‍ഷകരില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ ന്യായവില നല്‍കി നേരിട്ട് സംഭരിക്കാനും ഇവ കയറ്റുമതി ചെയ്യാനും ആമസോണ്‍ ലക്ഷ്യമിടുന്നുണ്ട്.
വിളകളെക്കുറിച്ച് സമയബന്ധിതമായ ഉപദേശം, വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹായം ലഭിക്കും. വിത്ത് വിതയ്ക്കുന്നതു മുതല്‍ വിളകള്‍ വിപണിയില്‍ എത്തിക്കുന്നതുവരെ കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുകയാണ് ലക്ഷ്യമെന്ന് ആമസോണ്‍ ഇന്ത്യ ഫുഡ് ആന്‍ഡ് ഹെല്‍ത് വിഭാഗം ഡയറക്ടര്‍ സമീര്‍ കേതര്‍പാല്‍ വ്യക്തമാക്കി.
ആമസോണില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കാകും സഹായം ലഭിക്കുക. സയാസമയങ്ങളില്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് വേണ്ട സഹായങ്ങള്‍ കമ്പനി നല്‍കും. വിളകളിലെ രോഗബാധ, മികച്ച ഉല്‍പ്പാദന മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ചു കര്‍ഷകര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കും. മികച്ച ഗുണമേന്‍മയുള്ള വിത്തിനങ്ങളും കമ്പനി വിതരണം ചെയ്യുമെന്നാണു സൂചന. കര്‍ഷകര്‍ക്ക് പ്രയോജനം നല്‍കുന്ന പുതിയ പഠനങ്ങള്‍ സൃഷ്ടിക്കാനും കമ്പനി ഇടപെടും.
ഇതിനായി കാര്‍ഷിക വിദഗ്ധരുടെ ഒരു സംഘവും കമ്പനി രൂപീകരിക്കും. കര്‍ഷകര്‍ക്ക് കീടങ്ങള്‍, രോഗങ്ങള്‍ മുതലായവയെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കും. ആമസോണില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 80 ശതമാനം കര്‍ഷകര്‍ക്കും മൊബൈല്‍ ആപ്പ് വഴി കൃത്യമായ നിര്‍ദേശങ്ങള്‍ വിളകള്‍ക്കനുസരിച്ചു നല്‍കുന്നുണ്ടെന്നു ആമസോണ്‍ വ്യക്തമാക്കി. കമ്പ്യൂട്ടര്‍ അധിഷ്ഠിത അല്‍ഗരത്തില്‍ തയാറാക്കിയിരിക്കുന്ന ആപ്പ് വഴി വിളകളുടെ നാശം, കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം എന്നിവ തടയാനും മികച്ച വിപണി ഒരുക്കാനും സാധിക്കും.
വിവിധഘട്ടങ്ങളിലെ കൃത്യമായ ഇടപെടലുകള്‍ ഗുണമേന്‍മയുള്ളതും മികച്ചതുമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉപയോക്താക്കളിലെത്തിക്കും. മണ്ണിന്റെയും കാലാവസ്ഥയുടെയും അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ വിള ആസൂത്രണം ചെയ്യാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്ന ഒരു സമഗ്ര പരിപാടിയായിരിക്കും ഇതെന്ന് കമ്പനി വ്യക്തമാക്കി. കര്‍ഷകരില്‍നിന്നു ശേഖരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ വഴി വിപണനം ചെയ്യും. കൃത്യമായി ഗുണനിലവാരം ഉറപ്പുവരുത്തിയ ഉല്‍പ്പന്നങ്ങള്‍ മാത്രമാകും ഉപയോക്താക്കളിലെത്തുക.
കൊവിഡിനെ തുടര്‍ന്നു തൊഴില്‍ നഷ്ടമായവരെ ഉള്‍പ്പെടുത്തി ഉത്സവസീസണില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 55,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണു കഴിഞ്ഞ ദിവസം ആമസോണ്‍ ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡി ജാസി വ്യക്തമാക്കിയത്. രാജ്യത്തെ വിപണന ശൃംഖല വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്ന ആമസോണ്‍ കേരളത്തിലടക്കം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണു വിലയിരുത്തല്‍.
https://www.facebook.com/Malayalivartha