24 മണിക്കൂറിനുള്ളില്‍ ഓഹരി വില്‍പ്പനയും പണമിടപാടുകളും പൂര്‍ത്തിയാക്കാം; അനുമതി നല്‍കി സെബി
ഓഹരി വിപണിയില്‍ നിര്‍ണായക മാറ്റം കൊണ്ടു വരുന്ന ഇടപെടലുമായി സെബി. ടിപ്ലസ് സെറ്റില്‍മെന്റ് നടപ്പാക്കാനാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ നിലവില്‍ രണ്ടു ദിവസമെടുത്ത് പൂര്‍ത്തിയാക്കുന്ന ഓഹരി വ്യാപാരത്തിലെ പണം സെറ്റില്‍മെന്റുകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ ആകും. പുതിയ രീതി അനുസരിച്ച് വില്‍പ്പന നടന്ന് ഒരു ദിവസത്തിനുള്ളില്‍ സെറ്റില്‍മെന്റ് പൂര്‍ത്തിയാകും എന്നതാണ് പ്രധാന സവിശേഷത.
ഇത് ഓപ്ഷണലാണ്. നിക്ഷേപകര്‍ക്ക് നിലവിലെ ടി+1, ടി+2 സെറ്റില്‍മെന്റുകളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞടുക്കാന്‍ ആകും. 2022 ജനുവരി ഒന്നുമുതലാണ് ഇത് നിലവില്‍ വരുന്നത്. നിക്ഷേപകരുടെ സൗകര്യമനുസരിച്ച് സെറ്റില്‍മന്റ് രീതിയും തെരഞ്ഞെടുക്കാം. ഏത് ഓഹരി വില്‍പ്പനകളിലും പുതിയ സെറ്റില്‍മെന്റ് ഓപ്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കുമെങ്കിലും ഒരു മാസം മുമ്പ് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥ ഗുലേറ്ററി അതോറിറ്റി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ഈ ഓപ്ഷന്‍ സ്വീകരിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് ആറു മാസമെങ്കിലും അതില്‍ തുടരേണ്ടതുണ്ട്. തിരിച്ച് ടി +2 ഓപ്ഷനിലേക്ക് മാറണമെങ്കിലും ഒരു മാസത്തെ അഡ്വാന്‍സ് നോട്ടീസ് നല്‍കേണ്ടതുണ്ട്. സെറ്റില്‍മെന്റ് സമയം കുറയ്ക്കുന്നത് ട്രേഡിങ് വരുമാനം കൂട്ടുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
അതേ സമയം ഒരേ ഓഹരിക്ക് വ്യത്യസ്ത സെറ്റില്‍മെന്റ് രീതികള്‍ വരുമ്പോള്‍ മൊത്തം കൈകാര്യം ചെയ്യുന്ന ഓഹരികളുടെ മൂല്യം കണക്കുകൂട്ടുന്നതില്‍ ബുദ്ധിമുട്ടുണ്ടാകാമെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. സാങ്കേതികമായി ഇത് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. തുടക്കം മുതല്‍ ഒരേ സെറ്റില്‍മന്റ് രീതി തെരഞ്ഞെടുത്തിരിക്കുന്നവര്‍ എല്ലാം ഒരേ ദിവസം തന്നെ സെറ്റില്‍മെന്റിന് ശ്രമിക്കുന്നത് ഇന്‍ട്രാ ഡേ ട്രേഡിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ തുടക്കത്തില്‍ ആശയക്കുഴപ്പത്തില്‍ ആക്കിയേക്കാം.
ഓഹരി ഇടപാടുകള്‍ നടന്ന് ഒരു ദിവസത്തിനുള്ളില്‍ തന്നെ എല്ലാം സെറ്റില്‍മെന്റുകളും പൂര്‍ത്തിയാക്കണം. ലിസ്റ്റുചെയ്ത ഏതെങ്കിലും ഓഹരികള്‍ക്ക് ഹ്രസ്വ സെറ്റില്‍മെന്റ് സൈക്കിള്‍ തിരഞ്ഞെടുക്കണോ എന്ന് സ്വയം തീരുമാനിക്കാം. ടി+1 സെറ്റില്‍മെന്റ് സൈക്കിളിലേക്കുള്ള മാറ്റം ആഭ്യന്തര നിക്ഷേപകര്‍ക്ക് പണ ലഭ്യത ഉയര്‍ത്താന്‍ സഹായകരമാകും എന്നതാണ് പ്രധാന മെച്ചം. ട്രേഡിങ്ങ് വിറ്റുവരവ് ഉയരുന്നതിനൊപ്പം സെറ്റില്‍മെന്റ് റിസ്‌ക് കുറയ്ക്കുകയും ചെയ്യാം. ബ്രോക്കര്‍മാര്‍ക്കും ഇത് എളുപ്പമാകും.
അതേ സമയം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് പുതിയ നടപടിയുമായി പൊരുത്തപ്പെടുന്നതില്‍ കൂടുതല്‍ സമയം വേണ്ടി വന്നേക്കാം, കാരണം വിവിധ രാജ്യങ്ങളിലെ സമയ ക്രമങ്ങളിലെ വ്യത്യാസമാണ്, പ്രത്യേകിച്ച് യുഎസ്, യൂറോപ്യന്‍ നിക്ഷേപകരില്‍ ഇത് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കും. സെറ്റില്‍മെന്റ് സമയം വിവിധ ഓഹരി ഉടമകളില്‍ നിന്ന് അഭ്യര്‍ത്ഥന ലഭിച്ചതാണ് നടപടിക്ക് പിന്നില്‍.
https://www.facebook.com/Malayalivartha