കൊവിഡ് ഇന്‍ഷ്വറന്‍സ് പോളിസിയുടെ കാലാവധി നീട്ടി ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ
കൊവിഡ് കാലത്ത് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അവതരിപ്പിച്ച ഹ്രസ്വകാലാവധിയുള്ള പ്രത്യേക പോളിസികള്‍ 2022 മാര്‍ച്ച് 31വരെ വില്‍ക്കാനും പുതുക്കാനും ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐ.ആര്‍.ഡി.എ.ഐ) അനുമതി. മൂന്നരമാസം, ആറരമാസം, ഒമ്പതരമാസം എന്നിങ്ങനെ കാലാവധിയുള്ള പോളിസികള്‍ കഴിഞ്ഞ ജൂലായിലാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അവതരിപ്പിച്ചത്.
കൊറോണ കവച്, കൊറോണ രക്ഷക് എന്നിവയാണ് പോളിസികള്‍. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഈ പോളിസികള്‍ക്ക് വന്‍ സ്വീകാര്യതയാണ് കിട്ടിയത്. വിപണിയിലെത്തി ഒരുമാസത്തിനിടെ തന്നെ ഒരുകോടിയിലേറെ പേരാണ് കൊറോണ കവച് പോളിസി മാത്രം സ്വന്തമാക്കിയത്. പോളിസികളില്‍ ഉറപ്പായ ഇന്‍ഷ്വറന്‍സ് തുക 50,000 മുതല്‍ അഞ്ചുലക്ഷം രൂപവരെയാണ്.
447 രൂപ മുതല്‍ 5,630 രൂവവരെയാണ് (ജി.എസ്.ടി പുറമേ) പ്രീമീയം തുക. പോളിസി ഉടമയുടെ പ്രായവും പോളിസി കാലാവധിയും സം ഇന്‍ഷ്വേര്‍ഡും അടിസ്ഥാനമാക്കിയാകും പ്രീമിയം തുക നിശ്ചയിക്കുക. 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇന്‍ഷ്വര്‍ പോളിസി എടുക്കാമെന്ന് ഐ.ആര്‍.ഡി.എ.ഐ വ്യക്തമാക്കിയിട്ടുണ്ട്.
ഒരാള്‍ക്ക് സ്വയവും ഭാര്യ/ഭര്‍ത്താവ്, 25 വയസുവരെ പ്രായമുള്ള മക്കള്‍, അച്ഛനും അമ്മയും, ഭാര്യയുടെ/ഭര്‍ത്താവിന്റെ അച്ഛനും അമ്മയും എന്നിവരെയും പോളിസിയില്‍ ഉള്‍പ്പെടുത്താം. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായാല്‍ 15 ദിവസത്തേക്ക് സം ഇന്‍ഷ്വേര്‍ഡിന്റെ 0.5 ശതമാനം വീതം പ്രതിദിന ആനുകൂല്യമായി ലഭിക്കും. പോളിസിയില്‍ ആശുപത്രി മുറിവാടക, നഴ്സിംഗ്, ഐ.സി.യു., ഡോക്ടര്‍ ഫീ, കണ്‍സള്‍ട്ടന്റ് ഫീസ്, പി.പി.ഇ കിറ്ര്, ഗ്‌ളൗസ് ചെലവുകളും ഉള്‍പ്പെടുന്നുണ്ട്. വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കുള്ള ആംബുലന്‍സ് ചെലവും ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്താം.
https://www.facebook.com/Malayalivartha