ഇനി മുതല്‍ പേ ടിഎമ്മിലൂടെ വിദേശത്തേയ്ക്കും പണം അയക്കാം
പേടിഎമ്മിലൂടെ ഇനി വിദേശത്തേക്കും പണം അയക്കാം. വിദേശത്ത് നിന്നുള്ള പണം വാലറ്റില്‍ സ്വീകരിക്കുകയും ചെയ്യാം. ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാനും ഇനി കൂടുതല്‍ എളുപ്പമാണ്. പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് വിവിധ രാജ്യങ്ങള്‍ക്കുള്ളില്‍ പണം ഇടപാടുകള്‍ നടത്തുന്നതിനായി യൂറോനെറ്റ് വേള്‍ഡ് വൈഡിന്റെ ബിസിനസ് വിഭാഗവുമായ റിയ മണി ട്രാന്‍സ്ഫറുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.
333 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് വിദേശത്തുള്ള അവരുടെ ബന്ധുക്കളില്‍ നിന്ന് പണം സ്വീകരിക്കുന്നതിന് ഈ പങ്കാളിത്തം സഹായകരമാകും. ഒരു ഡിജിറ്റല്‍ വാലറ്റിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് നേരിട്ട് പണം സ്വീകരിക്കുന്ന രാജ്യത്തെ ആദ്യ പ്ലാറ്റ് ഫോമായി ഇതോടെ പേടിഎം മാറും. പേടിഎം വാലറ്റ് ഉപയോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നത് റിയ മണിയാണ്.
റിയ മണിക്ക് ലോകമെമ്പാടും 490,000 റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ആണുള്ളത്. കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ പണം കൈമാറാന്‍ കഴിയും.ഓരോ പണ കൈമാറ്റവും തത്സമയം നടത്താന്‍ ആകും എന്നതാണ് പ്രധാന സവിശേഷത. കൂടാതെ അക്കൗണ്ട് മൂല്യനിര്‍ണ്ണയം, പേര് പരിശോധിക്കല്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെ തന്നെയാകും പണം അയക്കല്‍.
ഇന്ത്യയിലെ കുടുംബങ്ങള്‍ക്ക് പണം ലഭ്യമാക്കുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പുതിയ സേവനമെന്ന് റിയ മണി അധികൃതര്‍ വ്യക്തമാക്കുന്നു. പണം അയക്കലിന് പുതുമയറിയ ആശയങ്ങള്‍ തേടിക്കൊണ്ടിരുന്നതാണ് പേടിഎം പേയ്മെന്റ് ബാങ്കുമായുള്ള പങ്കാളിത്തത്തിലേക്ക് നയിച്ചതെന്ന് യൂറോനെറ്റ് മണി ട്രാന്‍സ്ഫര്‍ സെഗ്മെന്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജുവാന്‍ ബിയാഞ്ചി പറയുന്നു.
https://www.facebook.com/Malayalivartha