വീണ്ടും കനത്ത തിരിച്ചടി...പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു
പാചക വാതക സിലിണ്ടറിന് 15 രൂപ വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വില രണ്ടു രൂപ കുറച്ചു. ഈ മാസം ഒന്നിന് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 43 രൂപ കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. സാധാരണ മാസത്തിന്റെ തുടക്കത്തിലും 15-ാം തീയതിയുമാണ് വാതക വിലയില്‍ കമ്പനികള്‍ മാറ്റം വരുത്താറുള്ളത്. രാജ്യാന്തര എണ്ണവിലക്കയറ്റവും ഡോളറിനെതിരേ രൂപയുടെ മോശം പ്രകടനവുമാണ് എണ്ണക്കമ്പനികള്‍ വില വര്‍ധനയ്ക്കു കാരണമായി ഉയര്‍ത്തികാട്ടുന്നത്.
നിലവിലെ നിരക്കു വര്‍ധനയോടെ 14.5 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന് കൊച്ചിയില്‍ 906 രൂപ 50 പൈസയായി. നേരത്തെ 891 രൂപ 50 പൈസയായിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വില രണ്ടു രൂപ കുറച്ചതോടെ 1726 രൂപയാണ് കൊച്ചിയിലെ വില. രണ്ട് മാസത്തിനുള്ളില്‍ തുടര്‍ച്ചയായി നാലാം തവണയാണ് കമ്പനികള്‍ എല്‍.പി.ജി. സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്നത്.
ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില ഈ വര്‍ഷം ഇതുവരെ 205 രൂപ ഉയര്‍ത്തിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നു നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ഇരട്ടി പ്രഹരമാണ് രാജ്യത്തെ ഇന്ധനവില വര്‍ധന. അടിസ്ഥാന വിലയിലാണ് കമ്പനികള്‍ മാറ്റം വരുത്തുന്നതെങ്കിലും ഏജന്‍സികളുടെ നിരക്കുകളും ഗതാഗത നിരക്കുകളും ഉപയോക്താവ് വഹിക്കേണ്ടി വരും. അതായത് ഒരു സിലിണ്ടര്‍ വീട്ടിലെത്തണമെങ്കില്‍ കേരളത്തില്‍ പലയിടത്തും 1000 രൂപയോളം ചെലവ് വരുമെന്നു സാരം.
പുതിയ വില വര്‍ധനയോടെ ഡല്‍ഹിയില്‍ 14.5 കിലോഗ്രാം സിലിണ്ടറിന്റെ വില 899.50 രൂപയാകും. മുംബൈയില്‍, ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 899.50 രൂപയാണ്. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വില കൊല്‍ക്കത്തയിലാണ്. 926 രൂപ. ചെന്നൈയില്‍ 14.5 കിലോഗ്രാം വരുന്ന പാചക വാതകത്തിന്റെ വില 915.50 രൂപയായിരിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയവരുടെ ഉപയോക്താക്കള്‍ക്കു പുതിയ നിരക്കു ബാധകമാകും.
കഴിഞ്ഞ മാസം ഒന്നിന് ഇതിനു മുമ്പ് വാതകവില വര്‍ധിച്ചത്. അന്ന് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടറിന് 73.50 രൂപയാണ് വര്‍ധിപ്പിച്ചത്. നിലവിലെ വാങ്ങലുകള്‍ക്കു സബ്‌സിഡി ലഭിക്കില്ലെന്നതും തിരിച്ചടിയാണ്.
https://www.facebook.com/Malayalivartha