പ്രവാസികളുടെ ശ്രദ്ധയ്ക്ക്, നാട്ടിലെത്തിയ 60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാനാവില്ല, നിര്‍ണായക നീക്കവുമായി കുവൈറ്റ്
പ്രവാസികളില്‍ 60 വയസ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാന്‍ ബിരുദം വേണമെന്ന നിബന്ധന പിന്‍വലിച്ചെങ്കിലും ഈ ആനുകൂല്യം നാട്ടിലേക്ക് തിരിച്ചു പോയവര്‍ക്ക് ലഭിക്കില്ലെന്ന നടപടിയുമായി കുവൈറ്റ്.
ബിരുദ യോഗ്യത ഇല്ലാത്ത 60 കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കി നല്കില്ലെന്ന നിയമം ഈ വര്‍ഷം ജനുവരിയില്‍ നിലവില്‍ വന്നതിന് ശേഷം വിസ പുതുക്കാനാവാതെ നാട്ടില്‍ പോയവരുടെ വിസ കാലാവധി ഇപ്പോഴുമുണ്ടെങ്കില്‍ ആനുകൂല്യം ലഭിക്കും.പക്ഷേ പഴയ നിബന്ധന കാരണം വിസ പുതുക്കാനാവാതെ നാട്ടിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് ആനുകൂല്യം നഷ്ടമാകുന്നതാണ്.
അറുപതു വയസ്സ് കഴിഞ്ഞ പ്രവാസികളില്‍ ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്ന തീരുമാനം കുവൈറ്റ് മന്ത്രിസഭയ്ക്ക് കീഴിലെ ഫത്വ ആന്റ് ലെജിസ്ലേഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
എന്നാല്‍ മാന്‍പവര്‍ അതോറിറ്റി കൈക്കൊണ്ട തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് കണ്ടായിരുന്നു ഫത്വ ആന്റ് ലെജിസ്ലേഷന്‍ കമ്മിറ്റി നിയമം റദ്ദാക്കിയത്.വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കല്‍ മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുകയുണ്ടായി.
രാജ്യത്തെ പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ആഗസ്റ്റിലാണ് മാന്‍ പവര്‍ അതോറിറ്റി ബിരുദമില്ലാത്ത പ്രവാസി ജീവനക്കാരുടെ നിലവിലെ വിസയുടെ കാലാവധി കഴിഞ്ഞാല്‍ അവ പുതുക്കി നല്‍കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്.
നിയമത്തിനെതിരേ പ്രതിഷേധം ശക്തമായപ്പോള്‍ 2000 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തിയും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയും വിസ പുതുക്കാന്‍ 60 കഴിഞ്ഞവര്‍ക്ക് മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഈ നിബന്ധന പൂര്‍ണമായും റദ്ദാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha