ഇന്ത്യയിലാദ്യമായി വായ്പാ പദ്ധതി അവതരിപ്പിച്ച് ഫെയ്സ്ബുക്ക്..., ഈടില്ലാതെ 50 ലക്ഷം രൂപ വരെ വായ്പ
സംരംഭകരുടെ ഉന്നമനം ലക്ഷ്യമിട്ട് വായ്പാ പദ്ധതി അവതരിപ്പിച്ച് ഫെയ്സ്ബുക്ക്. ഈടില്ലാതെ 50 ലക്ഷം രൂപ വരെയാകും വായ്പ അനുവദിക്കുക. ഈ പദ്ധതി നടപ്പിലാക്കുന്ന ഫെയ്സ്ബുക്കിന്റെ ആദ്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ 200 പട്ടണങ്ങളിലും നഗരങ്ങളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിസിനസുകള്‍ക്കു പദ്ധതിയുടെ ഗുണഫലം ലഭിക്കും.
ഓണ്‍ലൈന്‍ വായ്പാ ദാതാക്കളായ ഇന്‍ഡിഫൈയുമായി സഹകരിച്ചാകും ഫെയ്സ്ബുക്ക് വായ്പകള്‍ അനുവദിക്കുക. കോവിഡ്, പ്രളയം, മഴക്കെടുത്തി തുടങ്ങീ ഇന്ത്യയിലെ സംരംഭങ്ങള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് ഫെയ്സുബുക്കിന്റെ പുതിയ പ്രഖ്യാപനം. സംരംഭത്തില്‍ ഇരുവരുടേയും പങ്കാളിത്വം എത്രയാണെന്നു ഫെയ്സ്ബുക്ക് വെളിപ്പെടുത്തിയിട്ടില്ല.
ബിസിനസിന്റെ ആവശ്യം അനുസരിച്ച് രണ്ട് ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയാകും വായ്പ അനുവദിക്കുക. 17 മുതല്‍ 20 ശതമാനം വരെയാകും വാര്‍ഷിക പലിശ. ഫെയ്സ്ബുക്കിലോ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലോ 180 ദിവസമെങ്കിലും പരസ്യം ചെയ്തിട്ടുള്ള ബിസിനസുകള്‍ക്കാകും വായ്പയ്ക്ക് അര്‍ഹതയുള്ളത്. വനിതകള്‍ നടത്തുന്ന സംരംഭങ്ങള്‍ക്ക് പലിശനിരക്കില്‍ 0.2 ശതമാനം ഇളവ് അനുവദിക്കും.
അപേക്ഷ സമര്‍പ്പിച്ചാല്‍ വായ്പയ്ക്കായി കാത്തിരിക്കേണ്ടി വരില്ലെന്നതാണു പ്രധാന സവിശേഷത. അപേക്ഷ ലഭിച്ച് ഒരു ദിവസത്തിനുള്ളില്‍ തന്നെ വായ്പയുടെ സ്ഥിതി അറിയാനാകും. നിബന്ധനകള്‍ പാലിക്കുന്ന കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള സംരംഭങ്ങള്‍ക്കും വായ്പ ലഭിക്കും. വായ്പയ്ക്ക് പ്രൊസസിങ് നിരക്ക് ഉണ്ടാകില്ല. പരമാവധി മൂന്നു ദിവസമാണ് വായ്പ അനുവദിക്കുന്നതിന് എടുക്കുകയെന്നു കമ്പനി വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha