വാട്സ് ആപ്പ് വഴി പണം അയച്ച് 225 രൂപ വരെ ആര്‍ക്കും സ്വന്തമാക്കാം, ദീപാവലി പ്രമാണിച്ച് വാട്‌സ് ആപ്പിന്റെ ക്യാഷ്ബാക്ക് ഓഫര്‍ ഇങ്ങനെ
നിരവധി പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ് ആപ്പ്. ഇപ്പോഴിതാ ദീപാവലി കാലത്ത് ഉപയോക്താക്കള്‍ക്കു ക്യാഷ്ബാക്ക് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്ട്‌സാപ്പ്. വാട്സ്ആപ്പിന്റെ പേമെന്റ് സംവിധാനം ഉപയോഗിക്കുന്നവര്‍ക്കാണ് ക്യാഷ്ബാക്ക് ലഭിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് വാട്‌സ് ആപ്പിനുള്ളില്‍ തന്നെ പണമയക്കാനും സ്വീകരിക്കാനും സാധിക്കുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം ആയെങ്കിലും സ്ഥിരം ഉപയോക്താക്കളെ സ്വന്തമാക്കാനുള്ള ശ്രമം വാട്‌സാപ്പ് ഇതുവരെ ആരംഭിച്ചിരുന്നില്ല. ഉത്സവകാലത്ത് അതിനുള്ള ശ്രമം ആരംഭിക്കുകയാണെന്നു വ്യക്തമാക്കുന്നതാണ് ക്യാഷ്ബാക്ക് ഓഫര്‍.
ആപ്പ് വഴിയുള്ള ഓരോ പണമിടപാടിനും 51 രൂപയാണ് ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു തവണയാണ് ഇങ്ങനെ ക്യാഷ്ബാക്ക് ലഭിക്കുക. അതായത് വാട്സ്ആപ്പ് പേ വഴി ഓരോ ഉപയോക്താവിന് 255 രൂപ വരെ സ്വന്തമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.ക്യാഷ്ബാക്കിനായി മൂല്യപരിധി നിശ്ചയിച്ചിട്ടില്ല. അതിനാല്‍ തന്നെ കൂട്ടുകാര്‍ക്കും മറ്റും ഒരു രൂപ വാട്സ്ആപ്പ് പേ വഴി അയച്ചും 51 രൂപ സ്വന്തമാക്കാം.
നിലവില്‍ ഗൂഗിള്‍ പേയും, ഫോണ്‍ പേയുമെല്ലാം ഇത്തരം കാഷ്ബാക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതേ പാത പിന്തുടരാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പും. ഫോണ്‍ പേ അടുത്തിടെ ആപ്പ് വഴിയുള്ള റീച്ചാര്‍ജുകള്‍ക്കും മറ്റും സേവന നിരക്ക് ഈടാക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിള്‍ പേയും, പേടിഎമ്മും സമാന നടപടി തുടര്‍ന്നേക്കുമെന്നാണു സൂചന. ഈ അവസരം ഫലപ്രദമായി ഉപയോഗിച്ചാല്‍ വാട്സ്ആപ്പിന് നേട്ടമുണ്ടാക്കാമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.
വാട്‌സ്ആപ്പിനു നിലവിലുള്ള ഉപയോക്താക്കളെ പേ സംവിധാനത്തിലേക്ക് ആകര്‍ഷിക്കാനായാല്‍ തന്നെ വിപണി പിടിച്ചടക്കാനാകും. വാട്സാപ്പിന്റെ ബീറ്റാ പതിപ്പിലാണ് നിലവില്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡെവലപ്പര്‍മാര്‍ക്കും മറ്റുമായി അവതരിപ്പിച്ചിട്ടുള്ള ഈ ഓഫര്‍ ഉടനെ പൊതുവിപണിയിലും അവതരിപ്പിക്കുമെന്നാണു വിവരം. വാട്സ് പേയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലാകും ക്യാഷ്ബാക്ക് ക്രെഡിറ്റ് ആകുക.
വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി 'പണം അയയ്ക്കൂ, 51 രൂപ ക്യാഷ്ബാക്ക് നേടൂ' എന്ന ഒരു ബാനര്‍ വ്യക്തമാണ്. ക്യാഷ്ബാക്ക് പദ്ധതിയുടെ കാലാവധിയോ മറ്റു വിവരങ്ങളോ കമ്പനി ഓദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സേവനം പൊതുധാരയിലേക്ക് എത്തുന്നതോടെ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയ്ക്കു സമാനമായി ആപ്പുകളിലേക്ക് ഉപയോക്താക്കളെ എത്തിക്കുന്നവര്‍ക്കും ക്യാഷ്ബാക്ക് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha