കോഴിക്കോടും കോട്ടയത്തും ലുലു മാൾ, കൊച്ചിയിൽ മത്സ്യവിഭവങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം ഒരുക്കും, കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായതിനാല്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്ന് എം.എ. യൂസഫലി
കേരളത്തിൽ വീണ്ടും ഷോപ്പിങ് വിസ്മയം തീർക്കാൻ ലുലു ഗ്രൂപ്പ്. തിരുവനന്തപുരത്തെ ലുലു ഷോപ്പിങ് മാൾ തുറന്നതിൽ ആവേശത്തിലാണ് മലയാളികളെല്ലാം. ഈ സന്തോഷം ഇരട്ടിയാക്കുമെന്ന തരത്തിലുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ് എം.എ യൂസഫലി. തിരുവനന്തപുരത്തിന് പുറമെ കോട്ടയത്തും,കോഴിക്കോടും മാളുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങൾ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം ഒരുക്കും. കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽനിന്ന് കടൽ മത്സ്യങ്ങൾ ശേഖരിച്ച് വിദേശത്തെ ലുലു മാളുകളിൽകൂടി വിറ്റഴിക്കുകയാണ് പദ്ധതി. വിഴിഞ്ഞം തുറമുഖം വന്നതിനുശേഷം തിരുവനന്തപുരത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലിങ് കേന്ദ്രം സ്ഥാപിക്കുമെന്നും അതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ ലുലുമാളിന്റെ പ്രവർത്തനം രണ്ടുകൊല്ലത്തോളം തടസപ്പെടുന്ന സാഹചര്യമുണ്ടായി. 220 കോടിയോളം രൂപ നിർമാണം തടസപ്പെട്ടതിനെതുടർന്ന് അധികമായി വേണ്ടിവന്നു. തിരുവനന്തപുരത്തേത് ഞങ്ങളുടെ സ്വപ്ന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യവസായ സൗഹൃദ സംസ്ഥാനമായതിനാൽ കേരളത്തിൽ ലുലു ഗ്രൂപ്പ് കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് എം.എ. യൂസഫലി പറഞ്ഞു.2000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷം ചതുരശ്രഅടി വിസ്തീർണത്തിലാണ് തിരുവനന്തപുരത്തെ ലുലുമാൾ പണികഴിപ്പിച്ചിരിക്കുന്നത്.
ടെക്നോപാർക്കിന് സമീപം ആക്കുളത്താണ് മാൾ. 15,000 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. ജില്ലയിൽ നിന്നുള്ള 600 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ 100 ലധികം ആളുകൾ മാൾ സ്ഥിതിചെയ്യുന്ന ആക്കുളത്തിന് അഞ്ച് കിലോമീറ്റർ പരിധിയിൽ ഉള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.
https://www.facebook.com/Malayalivartha