25 കോടിയോളം വായ്പയെടുത്ത് തിരിച്ചടച്ചില്ല, വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ
വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കും അദ്ദേഹത്തിന്റെ കമ്പനിയായ ‘ഗീതാഞ്ജലി ജെംസി’നും എതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ കബളിപ്പിച്ചെന്ന പരാതിയിൽ സിബിഐ ആണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഏകദേശം 25 കോടിയോളം രൂപയാണ് വജ്രവ്യാപാരി വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തത്. ഐഎഫ്‌സിഐയുടെ ജനറല്‍ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് നടപടി. വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ കേസുകള്‍ ചുമത്തിയാണ് മെഹുല്‍ ചോക്‌സിക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മെഹുല്‍ ചോക്‌സിക്ക് ഡൊമിനിക്ക ഹൈക്കോടതി ജാമ്യമനുവദിച്ചത്.പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷമാണ് വജ്ര വ്യാപാരിയായ മെഹുല്‍ ചോക്സി 2017ല്‍ ഇന്ത്യ വിട്ടത്.
ചോക്സിയെ കാണാതായെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇന്‍റർപോൾ 'യെല്ലോ കോർണർ' നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തനിക്ക് പൗരത്വമുള്ള കരീബിയന്‍ ദ്വീപായ ആന്റിഗ്വയിലേക്കാണ് മെഹുല്‍ ചോക്സി രക്ഷപ്പെട്ടത്. സംഭവത്തില്‍ ആന്റിഗ്വ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഡൊമിനിക്കയില്‍ നിന്ന് ചോക്സി പിടിയിലാകുകയായിരുന്നു.
ഡൊമിനിക്കയിൽ പിടിയിലായത് കാമുകിയുമൊത്തുള്ള ഉല്ലാസ യാത്രക്കിടെയെന്ന് ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ പറഞ്ഞിരുന്നു. ആന്‍റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ചോക്സി പിടിയിലായതെന്നായിരുന്നു തുടക്കത്തിലുണ്ടായിരുന്ന റിപ്പോർട്ടുകൾ.
കാമുകിയുമൊത്ത് അത്താഴം കഴിക്കാനോ ഉല്ലാസ യാത്രക്കോ വേണ്ടിയാണ് മെഹുൽ ചോക്സി ഡൊമിനിക്കയിലെത്തിയത്. അവിടെ വെച്ചാണ് പിടികൂടുന്നത്. അദ്ദേഹം ആന്‍റിഗ്വ പൗരനായതിനാൽ ഇവിടെവെച്ച് പിടികൂടി നാടുകടത്താൻ ഞങ്ങൾക്ക് കഴിയില്ല. എന്നാൽ, ഡൊമിനിക്കയിൽ വെച്ച് അത് ചെയ്യാൻ തടസമില്ലെന്ന് ഗാസ്റ്റൺ ബ്രൗൺ അഭിമുഖത്തിൽ വ്യക്തമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha